നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗമനപരമായ മുന്നോട്ടുപോക്കിന് ഉപകരിക്കുന്ന ആശയങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുന്ന പുസ്തകങ്ങളും അവയുടെ വായനയുമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അവ പ്രചരിപ്പിക്കുന്നത് സംസ്‌ക്കാര സമ്പന്നതയുടെ ലക്ഷണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെയും കേരളീയരുടേയും സാംസ്‌കാരിക സമ്പന്നതയുടെ ദൃഷ്ടാന്തമായി നിയമസഭാ പുസ്തകോത്സവം മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷാർജ പുസ്തകോത്സവവും ജയ്പുർ പുസ്തകോത്സവവുമൊക്കെ വലിയ തോതിൽ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. ആ നിലയിലേക്ക്
നിയമസഭാ പുസ്തകോത്സവവും ഓരോ വർഷം കഴിയുന്തോറും കരുത്തു നേടുമെന്ന് പ്രതീക്ഷിക്കാം.
യുദ്ധങ്ങളും വർഗീയ, വംശീയ കലാപങ്ങളും കൊണ്ട് കലുഷിതമായ ഇന്നത്തെ ലോകസാഹചര്യത്തിലും ഇന്ത്യൻ സാഹചര്യത്തിലും വായനയുടെ പ്രസക്തി വർധിക്കുകയാണ്. നല്ല പുസ്തകങ്ങൾ ധാരാളമായി ഇറങ്ങുന്നത് സന്തോഷകരമാണ്. അവയിലെ
ആശയങ്ങൾ എല്ലാവരിലുമെത്തണം. ലോകത്തെ മാറ്റുന്നത് ആശയങ്ങളാണ്. ഏത് ആശയമാണോ നമ്മുടെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നത് അത് അനുസരിച്ചാകും നമ്മുടെ സംസ്‌ക്കാരവും ജീവിതവും മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണത്തെ നിയമസഭാ അവാർഡ് എം.ടി. വാസുദേവൻ നായർക്ക്
മുഖ്യമന്ത്രി സമ്മാനിച്ചു. എം.ടിക്കു വേണ്ടി സതീഷ് കുമാർ പുരസ്‌ക്കാരം
ഏറ്റുവാങ്ങി.
നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഗവൺമെന്റ് ചീഫ് വിപ്പ് എൻ. ജയരാജ്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, നിയമസഭാ സെക്രട്ടറി എ.എം. ബഷീർ എന്നിവർ പങ്കെടുത്തു.