കൈയിലൊതുങ്ങും ഈ മരമുത്തച്ഛന്മാർ
എം. പി. അയ്യപ്പദാസ്
മരമുത്തച്ഛന്മാർ ഇതാ ഇവിടെ കൈയിലെടുക്കാവുന്ന ചെറിയ മൺചട്ടിയിൽ വളരുന്നു. 50 വർഷം വരെ പ്രായമായ ആലും അരയാലും ബോൺസായ് കുഞ്ഞന്മാരായി വളർന്നു നിൽക്കുന്ന കാഴ്ച കൗതുകകരം തന്നെ. ഇതിന്റെ പ്രായം കേട്ടാൽ ഞെട്ടും. മുപ്പതും നാൽപ്പതും വയസ്സായവരാണിവർ.
കന്യാകുമാരി ജില്ലയിലെ തക്കല പത്മനാഭപുരം ബസ്സ് സ്റ്റോപ്പിനു മുന്നിലാണ് കൗതുക കാഴ്ചയായി ” നിക്കി ബോൺസായ് ഗാർഡൻ “. പത്മനാഭപുരം കൊട്ടാരത്തിനടുത്ത്. രവീന്ദ്രൻ ദാമോദർ എന്ന ബോൺസായി സ്നേഹിയുടെ ഉദ്യാനമാണിത്. ആയിരം മുതൽ ഒരു ലക്ഷം രൂപ വരെ വില വരുന്ന ബോൺസായ് വൃക്ഷങ്ങൾ ഇവിടെ വില്പനയ്ക്കുണ്ട്.
നാഗർകോവിൽ രാമവർമ്മപുരത്താണ് രവീന്ദ്രന്റെ വീട്.വീട്ടിൽ ഹോബിയായി 1970 ൽ തുടങ്ങിയ ബോൺസായ് വളർത്തലാണ് ദിവസവും നൂറ് കണക്കിനാളുകൾ എത്തുന്ന ഉദ്യാനമായി മാറിയത്.1970 ൽ വളർത്താൻ തുടങ്ങിയ പേരാലിന് ഇന്ന് വയസ് 50 .മൂന്നടി ഉയരത്തിലും നാലടി വ്യാസത്തിലുമായി പന്തലിച്ചു നിൽക്കുന്ന ഈ കുഞ്ഞൻ ആൽമരം ആരെയും ആകർഷിക്കും.
ഒരു സിമന്റ് പ്ലാറ്റ്ഫോമിലാണ് ഇപ്പോൾ ഇത് പ്രദർശിപ്പിച്ചിരിക്കുന്നത്. ആൽ വർഗത്തിൽപ്പെട്ട 30 ഇനങ്ങൾ ഇപ്പോൾ ഗാർഡനിലുണ്ട്. മറ്റ് 50 ഇനം വൃക്ഷങ്ങളുടെ ബോൺസായിയുമുണ്ട്. ആകെ 500 ബോൺസായ് തൈകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
ആൽ, അരയാൽ, കാറ്റാടി,ബൊഗെയ്ൻവില്ല, പുളി, കുമിൾ, ചെറി, ആഫ്രിക്കൻ ബാബോബ് തുടങ്ങിയ വൃക്ഷത്തൈകളാണ് ബോൺസായ് മരങ്ങളായി വളർത്തിയിരിക്കുന്നത്.ആറിഞ്ച് മുതൽ 40 ഇഞ്ച് വരെ വ്യാസവും 3-4 ഇഞ്ച് ആഴവുമുള്ള മൺചട്ടികളാണ് ബോൺസായ് വളർത്താൻ ഉപയോഗിക്കുന്നത്. മതിലിലും മറ്റും വളരുന്ന ചെറിയ ആൽമര ചെടി നട്ടുവളർത്തി ഈ പാത്രത്തിലേക്ക് മാറ്റും.
വേണ്ടവളവും വെള്ളവും നൽകി വളർത്തി പാത്രത്തിൽ വേര് നിറയുമ്പോൾ പിഴുതെടുത്ത് വേര് കുറേ വെട്ടിക്കളഞ്ഞ് ഇതേ പാത്രത്തിൽ നട്ടാണ് ബോൺസായ് വൃക്ഷം രൂപപ്പെടുത്തുന്നത്. ചെടി കമ്പിചുറ്റി വേണ്ട രീതിയിൽ വളച്ചു വെച്ചാൽ വളർച്ച മുരടിച്ചു കിട്ടും. അങ്ങിനെ കാലങ്ങൾ കഴിയുമ്പോൾ ചെറിയ പാത്രത്തിൽ മരമുത്തച്ഛൻ കുഞ്ഞനായി വളരും.5 -10 വർഷം വരെ വളർച്ചയെത്തിയ മരങ്ങൾ ആയിരം രൂപയ്ക്ക് ഇവിടെ വില്പനയ്ക്കുണ്ട്.
പുഷ്പ്പിച്ച ബൊഗെയ്ൻ ഇനങ്ങളുമുണ്ട്. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്ന രവീന്ദ്രൻ അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ പല നഗരങ്ങളിലും ബോൺസായ് ക്ലാസുകൾ നൽകിയിട്ടുള്ള രവീന്ദ്രന് ഇതേക്കുറിച്ചുള്ള യു ട്യൂബ് ചാനലുമുണ്ട്.
Amazing bonsai trees
Excellent