എ.എൻ.ആർ.പി.സി. ചെയർമാൻ സ്ഥാനം ഇന്ത്യയ്ക്ക്
റബ്ബർബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശന്‍
ചെയർമാൻ സ്ഥാനം ഏറ്റെടുത്തു
റബ്ബറുത്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ എ.എൻ.ആർ.പി.സി. (അസോസിയേഷൻ ഓഫ് നാച്ചുറൽ റബ്ബർ പൊഡ്യൂസിങ് കൺട്രീസ്) യുടെ ചെയർമാൻ സ്ഥാനം ഇന്ത്യയ്ക്ക്. ഗുവാഹതിയിൽ നടന്ന 45-ാമത് എ.എൻ.ആർ.പി.സി. അസംബ്ലിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് റബ്ബർബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശന്‍ ചെ യർമാൻ സ്ഥാനം ഏറ്റെടുത്തു.
മലേഷ്യൻ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് പ്ലാന്റേഷൻസ് ആന്റ് കമ്മോഡിറ്റീസ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ദാത്തോ സൈലാനി ബിൻ ഹാജി ഹാഷിമിൽ നിന്നാണ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. ചെയർമാൻ സ്ഥാനത്തിന്റെ കാലാവധി ഒരു വർഷമാണ്. പ്രകൃതിദത്തറബ്ബർ ഉത്പാദിപ്പിക്കുന്ന 13 രാജ്യങ്ങളാണ് ഇപ്പോൾ എ.എൻ.ആർ.പി.സി യിൽ അംഗങ്ങളായിട്ടുള്ളത്.
ബംഗ്ലാദേശ്, കമ്പോഡിയ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, മ്യാൻമാർ, പാപുവ ന്യൂ ഗിനിയ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, ശ്രീലങ്ക, തായ്‌ലാൻഡ്, വിയറ്റ്‌നാം എന്നിവയാണ് എ.എൻ.ആർ.പി.സി.യുടെ ഇപ്പോഴത്തെ അംഗരാജ്യങ്ങൾ. ആഗോള റബ്ബറുത്പാദനത്തിന്റെ 84 ശതമാനവും എ.എൻ.ആർ.പി.സി. അംഗരാജ്യങ്ങളിൽ നിന്നാണ്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഈ വർഷത്തെ എ.എൻ.ആർ.പി.സി. സമ്മേളനങ്ങൾ ഗുവാഹതിയിലാണ് നടന്നത്.