പ്രകൃതിയുടെ വരദാനമായി പെഞ്ച് വന്യജീവി സങ്കേതം
മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി.ഡയരക്ടറും വന്യജീവി ഫോട്ടോഗ്രാഫറുമായ ഡോ. പി.വി.മോഹനൻ പെഞ്ച് വന്യജീവി സങ്കേതത്തില്‍
നടത്തിയ സന്ദർശനം
ഇന്ത്യയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പെഞ്ച് വന്യജീവി സങ്കേതം പ്രകൃതിയുടെ യഥാർത്ഥ വരദാനമാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ വന്യജീവി കേന്ദ്രം വന്യജീവികളുടെ സങ്കേതം മാത്രമല്ല പ്രകൃതി ഭംഗിയുള്ള സ്ഥലവുമാണ്.
നാഗ്പൂരിൽ വിമാനമിറങ്ങി രണ്ടു മണിക്കൂർ കാർ യാത്ര ചെയ്താൽ പെഞ്ചിലെത്താം. നേരത്തെ ബുക്ക് ചെയ്ത’ “ടൈഗർ എൻ വുഡ്സ് “കോട്ടേജിൽ രാവിലെ 11 മണിക്ക് ഞങ്ങളെത്തി. ഇന്ത്യയുടെ പല
ഭാഗത്തുനിന്നുമുള്ള എട്ട് ഫോട്ടോഗ്രാഫർമാരായിരുന്നു സംഘത്തിൽ. 1965 ൽ ആരംഭിച്ച പെഞ്ച് വന്യജീവികേന്ദ്രത്തിന് 758ചതുരശ്ര കി.മി.വിസ്തീർണ്ണമുണ്ട്.
തുരിയ, സില്ലാരി, റുക്കാഡ്, ജാമത്തറ, വോൾഫ്സാൻചുറി, കർമ്മജഹിരി, കുർസാപാർ എന്നിങ്ങനെ ഏഴ് സോണുകളാണ് ഇവിടെയുള്ളത്. ഇതിൽ മദ്ധ്യപ്രദേശിലുള്ള തുരിയ ആണ് മൃഗങ്ങളെ കാണാൻ പറ്റിയ ഏറ്റവും നല്ല സോൺ. ബാക്കിയെല്ലാം മഹാരാഷ്ട്രയിലാണ്. പെഞ്ചിൽ അമ്പതി ലധികം കടുവകളും നാല്പതിലധികം പുലികളുമുണ്ട്. 29 കുട്ടികൾക്ക് ജന്മം നൽകിയ കോളാർവാല്ലി എന്ന പെൺകടുവയാണ് ഏറ്റവും പ്രശസ്തമായ കടുവ. പതിനാറാം വയസ്സിൽ കഴിഞ്ഞവർഷമാണ് കോളർവാല്ലി മരണമടഞ്ഞത്.
പെഞ്ചിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ സമ്പന്നമായ ജൈവവൈവിധ്യമാണ്. കടുവ, പുള്ളിപ്പുലി, കാട്ടുനായ്ക്കൾ വിവിധയിനം മാനുകൾ തുടങ്ങി മൃഗങ്ങളുടെ ആവാസകേന്ദ്രമാണ് ഈ വന്യജീവി സങ്കേതം. വന്യജീവി
സങ്കേതത്തിലൂടെ വളഞ്ഞൊഴുകുന്ന ശക്തമായ പെഞ്ച് നദി വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെ പിന്തുണയ്ക്കുന്ന ആവാസവ്യവസ്ഥയ്ക്ക് ജീവനാഡിയായി മാറുന്നു. പെഞ്ച് നദിയുടെ കുറുകെ പണിത അണക്കെട്ടാണ് ടോട്ട്ഡ്ളാഡോ. 77ച.കി.വിസ്തൃതിയുള്ള ഈ അണക്കെട്ടിലെ ജലമാണ് നാഗ്പൂരിലെത്തിക്കുന്നത്. കൂടാതെ ഇവിടെ വൈദ്യുതിയും ഉല്പാദിപ്പിക്കുന്നു. പെഞ്ചിലെ ഇടതൂർന്ന വനങ്ങളും തടാകങ്ങളും പുൽമേടുകളും പക്ഷിനിരീക്ഷകരുടെ പറുദീസയാണ്.
ഇന്ത്യൻ പിറ്റ, ഓസ്പ്രേ, വൈറ്റ്-ഐഡ് ബസാർഡ് എന്നിവയുൾപ്പെടെ 300-ലധികം ഇനം പക്ഷികളുള്ള ഇവിടം പക്ഷി പ്രേമികളുടെ സ്വപ്ന കേന്ദ്രമാണ്. ഈ പക്ഷികളുടെ പ്രതിധ്വനിക്കുന്ന വിളികളും
ശ്രുതിമധുരമായി പാടുന്ന ചീവീടുകളും കാട്ടിൽ ഒരു മോഹിപ്പിക്കുന്ന സിംഫണി നൽകുന്നു.
വന്യജീവികൾക്ക് പുറമേ പെഞ്ചിന് സമ്പന്നമായ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ട്. റുഡ്യാർഡ് കിപ്ലിംഗിന്റെ “ദി ജംഗിൾ ബുക്ക്” എന്ന പ്രശസ്ത കൃതിക്ക് ഇത് പ്രചോദനമായതായി വിശ്വസിക്കപ്പെടുന്നു. കാടിന്റെ ഭൂപ്രകൃതിയും വന്യജീവികളുടെ സമൃദ്ധിയും ഉൾപ്പെടെ പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്ന പലതിനോടും വളരെ സാമ്യമുള്ളതാണ് പെഞ്ച്.
പെഞ്ച് പ്രദേശമടങ്ങുന്ന സിയോണി മലമടക്കുകളിലാണ് മൗഗ്ലി കഥകളുടെ പിന്നാമ്പുറം. വെള്ളാരംകല്ലു പതിച്ച ചെറിയ കുന്നുകളും പച്ചവിരിച്ച പുൽമേടുകളും തടിയിൽ കരിതേച്ചതുപോലെയുള്ള പ്രത്യേക മരങ്ങളും പെഞ്ചിന്റെ ഭംഗി കൂട്ടുന്നു. സാമ്പാർ ഡിയർ,
പുള്ളിമാൻ, ബാർക്കിങ്ങ് ഡിയർ തുടങ്ങിയ മാൻ വർഗ്ഗങ്ങളെ ഇവിടെ കാണാൻ കഴിഞ്ഞു. കാട്ടുനായ്ക്കൾ പകൽസമയം മരത്തണലിൽ വിശ്രമിക്കുന്നത് ഞങ്ങൾ കണ്ടു. നാലംഗ പുലികുടുബം വഴിയരികിൽ കളിത്തിരക്കിലാണ്. അവയുടെ കളികൾ ഫോട്ടോഗ്രാഫർമാർക്ക് വിരുന്നൊരുക്കി.
കാട്ടിലൊളിച്ച കടുവയെ കാണാൻ രണ്ട് മണിക്കൂർ ഞങ്ങൾ വണ്ടിയിലിരുന്നു. മഴപെയ്ത് കാട്ടിനുള്ളിൽ വെള്ളം ലഭ്യമായതിനാൽ കടുവകൾ പുറത്തേക്ക് വരുന്നില്ലെന്ന് ഗൈഡ് പറഞ്ഞു. ബാരസ്, ബിന്ദു, ദുർഗ്ഗ, പഹാഡ്ദേവ്, ബി2 എന്നീ പെൺകടുവകളാണ് പെഞ്ചിന്റെ സുന്ദരിമാർ. ബാന്ദ്ര, ജൻഡിമാട്ട, ബീജമാട്ട എന്നിവയാണ് ആൺ
കടുവകളിൽ സുന്ദരൻമാർ. ഇവർക്ക് പേരിടുന്നത് ഗൈഡുമാരാണ്. കടുവയുടെ മുഖംനോക്കി അവർ അതിനെ തിരിച്ചറിയും. എമറാൾഡ് പ്രാവ്, പൈഡ് വേഴാമ്പൽ, ഇന്ത്യൻ റോളർ, മൂങ്ങകൾ,വൂളി നെക്ക്ഡ് കൊക്കുകൾ എന്നിവയെയും കാണാൻ കഴിഞ്ഞു. ആനകളില്ലാത്ത വന്യജീവിസങ്കേതമാണ് പെഞ്ച്.
സംരക്ഷണത്തിനും സുസ്ഥിര ടൂറിസത്തിനുമുള്ള ശ്രമങ്ങൾ പെഞ്ചിനെ മാതൃകാ സങ്കേതമാക്കി മാറ്റി. ഇത് വന്യജീവികൾക്ക് ഒരു സങ്കേതം പ്രദാനം ചെയ്യുക മാത്രമല്ല, പ്രാദേശിക സമൂഹങ്ങൾക്ക് ഉപജീവനമാർഗം
സൃഷ്ടിക്കുകയും ചെയ്യുന്നു. ശാന്തമായ ഭൂപ്രകൃതിയും നന്നായി പരിപാലിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും ഇതിനെ ഇക്കോ-ടൂറിസത്തിന്റെ സ്ഥലമാക്കി മാറ്റുന്നു. പ്രകൃതിയുടെയും സംസ്കാരത്തിന്റെയും അതുല്യ സമ്മിശ്രമായ പെഞ്ച് വന്യജീവി സങ്കേതം നമ്മുടെ പ്രകൃതി പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിന്റെ തെളിവായി നിലകൊള്ളുന്നു.
കാട്ടുമൃഗങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്ന, മനുഷ്യർക്ക് പ്രകൃതിയുമായി അതിന്റെ ശുദ്ധമായ രൂപത്തിൽ ബന്ധപ്പെടാൻ കഴിയുന്ന സ്ഥലമാണിത്. ഇതൊരു സങ്കേതം മാത്രമല്ല, പ്രകൃതിയുടെ
സൗന്ദര്യത്തിന്റെയും അത്ഭുതങ്ങളുടെയും ഓർമ്മപ്പെടുത്തലാണ്. പെഞ്ച് വന്യജീവി സങ്കേതം ജൈവവൈവിധ്യത്തിന്റെ നിധിയാണ്. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിരമായ സഹവർത്തിത്വത്തിന്റെയും ആവശ്യകതയുടെ തെളിവാണിത്. പെഞ്ചിന്റെ മാന്ത്രികത അനുഭവിക്കുക എന്നത് പ്രകൃതിയുടെ അനിയന്ത്രിതമായ സൗന്ദര്യത്തെ ഉൾക്കൊള്ളുക എന്നതാണ്. മൂന്നു ദിവസത്തെ സഫാരി കഴിഞ്ഞാണ് ഞങ്ങൾ മടങ്ങിയത്. കുറെ പഞ്ചുള്ള പെഞ്ചിന്റെ ഓർമ്മകൾ ബാക്കിയാക്കിയാണ് മടക്കം.
Very educative and informative..
One can feel and visualise the place without physically being there. Thanks.
Thank you
നല്ല വിവരണം. മിഴിവാർന്ന ചിത്രങ്ങൾ