എ.എൻ.ആർ.പി.സി.യുടെ വാർഷിക സമ്മേളനം ഗുവാഹതിയിൽ തുടങ്ങി
റബ്ബർമേഖലയുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങൾക്ക് പരിഹാരം കാണുന്നതിന് നയ രൂപീകരണം വേണമെന്ന് റബ്ബർബോർഡ് ചെയർമാൻ ഡോ. സവാർ ധനാനിയ പറഞ്ഞു. റബ്ബറുത്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്രസംഘടനയായ എ.എൻ.ആർ.പി.സി. (അസോസിയേഷൻ ഓഫ് നാച്ചുറൽ റബ്ബർ പൊഡ്യൂസിങ് കൺട്രീസ്) യുടെ 13-ാമത് രാജ്യാന്തര വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബ്ബർകൃഷിമേഖലയിലെ യന്ത്രവത്കരണം, സുസ്ഥിരവും പരിസ്ഥിതിസൗഹാർദ്രപരവുമായ കൃഷിരീതികൾ, ഉത്പാദന-ഉപഭോഗ ശ്രൃംഖലകളുടെ ശാക്തീകരണം, റബ്ബർതടിയുടെ മൂല്യവർദ്ധന തുടങ്ങിയ കാര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ മാത്രമേ ആഗോളതലത്തിൽ കർഷകർക്ക് റബ്ബർകൃഷിയിൽ തുടരാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞു.
ഗുവാഹതിയിലെ ഹോട്ടൽ റാഡിസൺ ബ്ലു ഹോട്ടലിൽ നടന്ന ചടങ്ങിൽ റബ്ബർബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ സ്വാഗതം പറഞ്ഞു. എ.എൻ.ആർ.പി.സി.യുടെ ചെയർമാനും മലേഷ്യൻ റബ്ബർബോർഡിന്റെ ഡയറക്ടർ ജനറലുമായ ദാത്തോ ഡോ. സരോയിസ്സാനി മൊഹമ്മദ് നോർ റിപ്പോർട്ട് അവതരിപ്പിച്ചു.
റബ്ബർബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ സ്വാഗതവും സെക്രട്ടറി ജനറൽ റ്റോ ഹെങ് ഗുവാൻ നന്ദിയും പറഞ്ഞു.
റബ്ബർബോർഡിന്റെ വൈസ് ചെയർമാൻ കെ.എ. ഉണ്ണിക്കൃഷ്ണൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ. ഹരി എന്നിവരും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. എ.എൻ.ആർ.പി.സി. സെക്രട്ടറി ജനറൽ റ്റോ ഹെങ് ഗുവാൻ, ആസിയാന്റെ അഗ്രിക്കൾച്ചറൽ അഡ്വൈസർ എറോൾ പെരേര, ആട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസ്സിയേഷന്റെ ഡയറക്ടർ ജനറൽ രാജീവ് ബുധ്രാജ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കേരളാ റബ്ബർ ലിമിറ്റഡിന്റെ ചെയർ പേഴ്സണും മാനേജിങ് ഡയറക്ടറുമായ ഷീല തോമസ്, ഇന്റർനാഷണൽ റബ്ബർ സ്റ്റഡി ഗ്രൂപ്പിന്റെ സെക്രട്ടറി ജനറൽ പ്രൊഫ. ജോസഫ് അഡലേഗാൻ എന്നിവർ മോഡറേറ്ററായിരുന്നു. ഇന്ത്യ,ബംഗ്ലാദേശ്, കമ്പോഡിയ, ചൈന, ഇന്തോനേഷ്യ, മലേഷ്യ, മ്യാൻമാർ, പാപ്പുവ ന്യൂഗിനി, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, ശ്രീലങ്ക, തായ്ലാൻഡ്, വിയറ്റ്നാം എന്നിങ്ങനെ 13 രാജ്യങ്ങളാണ് ഇപ്പോൾ എ.എൻ.ആർ.പി.സിയിലെ അംഗങ്ങൾ.