നവതിയിലെത്തിയ നടൻ മധുവിന് ആദരവുമായി സാംസ്കാരിക മന്ത്രി
നവതിയിലെത്തിയ നടൻ മധുവിന് സാംസ്കാരിക വകുപ്പിന്റെ ആദരവുമായി മന്ത്രി സജി ചെറിയാൻ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി. ലൂമിയർ സഹോദരന്മാരിലൂടെ കൺ തുറന്ന സിനിമറ്റോഗ്രാഫ് ക്യാമറയുടെ മാതൃകയാണ് നവതി സമ്മാനമായി മന്ത്രി മധുവിന് കൈമാറിയത്.
മലയാള സിനിമയെ മുന്നോട്ട് നയിച്ച മഹാരഥനാണ് മധുവെന്ന് മന്ത്രി പറഞ്ഞു. മലയാള സിനിമയിലെ കാരണവരെന്ന് വിളിക്കാൻ നൂറു ശതമാനം അർഹതയുള്ള നടനാണ് അദ്ദേഹം. നടൻ, എഴുത്തുകാരൻ, സംവിധായകൻ, നിർമ്മാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം കഴിവ് തെളിയിച്ചു. നാന്നൂറിലധികം അധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ ഓരോ കഥാപാത്രവും ജീവസുറ്റതായിരുന്നു.
അദ്ദേഹത്തിന്റെ നവതി ആഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടി സാംസ്കാരിക വകുപ്പ് ആവിഷ്ക്കരിക്കുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനും കേരളത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി അദ്ദേഹത്തെ ആദരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മധുവിനെ പൊന്നാടയണിയിച്ച് ആദരിച്ച മന്ത്രി ഉപഹാരമായി ഒരു ലക്ഷം രൂപയും സമ്മാനിച്ചു. സർക്കാരും ജനങ്ങളും നൽകുന്ന സ്നേഹവും ആദരവും തന്റെ മനസ് നിറച്ചുവെന്ന് നടൻ മധു പ്രതികരിച്ചു. പിറന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് തന്റെ വസതിയിലെത്തിയ എല്ലാവർക്കും അദ്ദേഹം നന്ദിയും അറിയിച്ചു. കെ. എസ്. എഫ്. ഡി. സി. ചെയർമാനും സംവിധായകനുമായ ഷാജി എൻ. കരുൺ, കെ. എസ്. എഫ്. ഡി. സി എം.ഡി അബ്ദുൾ മാലിക്, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവരും സന്നിഹിതരായി.
Madhu is probably one of the greatest performers we have had the privilege to live with..It is only appropriate that the government and society have bestowed honours on him , which he highly deserved all through..
Pray for his continued well being and contribution to the world cenema.