സൗന്ദര്യം ശാപമായ സ്വർഗ്ഗത്തിലെ പക്ഷികൾ 

മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി.ഡയരക്ടറും വന്യജീവി ഫോട്ടോ ഗ്രാഫറുമായ ഡോ. പി.വി.മോഹനൻ പാപ്പുവ ന്യൂഗിനിയിൽ നടത്തിയ സന്ദർശനം

ആസ്ത്രേലിയ ഉപഭൂഖണ്ഠത്തിൽ തെക്ക് കിഴക്കൻ ഫെസഫിക്ക് പ്രദേശത്തെ ദ്വീപാണ് പാപ്പുവാ ന്യൂഗിനി. ഇവിടം  സന്ദർശിക്കണമെന്ന പഴയ ആഗ്രഹം സാക്ഷാത്ക്കരിച്ചത് ഈ വർഷമാണ്. മാസങ്ങളുടെ തയ്യാറെടുപ്പു വേണ്ടി വന്നു യാത്ര തിരിക്കാൻ. കൊച്ചിയിൽ നിന്ന് സിങ്കപ്പൂർ വന്ന് ഫിലിപൈൻസിലെ മനില വഴി സഞ്ചരിച്ചാൽ പോർട്മോർസ്ബിയിലെത്തും. അവിടെ നിന്ന് മൗണ്ട് ഹേഗനിലെത്താൻ വീണ്ടും ഒരു മണിക്കൂർ വിമാനയാത്ര വേണം.

ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള 11 വന്യജീവി ഫോട്ടോഗ്രാഫർമാരാണ് ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നത്. കെനിയയിൽ നിന്നെത്തിയ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ദിലീപ് അന്തിക്കാടായിരുന്നു ടീം ലീഡർ. ബേർഡ്സ് ഓഫ് പാരഡൈസ് എന്ന പക്ഷിയെ കാണുകയായിരുന്നു പ്രധാന ലക്ഷ്യം.

ഇവിടെ മാത്രമായി കണ്ടുവരുന്ന 28 ഇനം ബേർഡ്സ് ഓഫ് പാരഡൈസ് പക്ഷികളുണ്ട്. ഭംഗിയുള്ള തൂവലുകളും ബ്രീഡിങ്ങ് പ്ലുമേജും കാട്ടി ആൺപക്ഷി നൃത്തം ചെയ്യുന്നത് ആരുടെയും മനം കുളിർക്കും.  ഇവയുടെ കോർട്ട്ഷിപ്പ് അഭിനയം കാണാനും കൗതുകമാണ്.

ഈയടുത്തകാലത്തായി ഫോട്ടോഗ്രാഫർമാർ ഈ പക്ഷിയുടെ കോർട്ഷിപ്പ് ഡാൻസും പ്രകടനങ്ങളും വീഡിയോ വഴി പ്രചരിപ്പിച്ചത് കാരണം നിരവധി പേർ ഈ പക്ഷികളെ കാണുവാനായി ലോകത്തിന്റെ പല ഭാഗത്തു നിന്നും വന്നെത്തിത്തുടങ്ങി.

ടൂറിസം വരുമാനമായതോടെ ഇവയെ  സംരക്ഷിക്കാൻ സർക്കാരും ആദിവാസികളും മുന്നിട്ടിറങ്ങി. മഴ വനപ്രദേശത്ത് കണ്ടുവരുന്ന ഇവയുടെ ആഹാരം പഴങ്ങളും പ്രാണികളുമാണ് റഗ്ഗിയാന എന്ന പക്ഷിയാണ് ഈരാജ്യത്തിന്റെ ദേശീയ പക്ഷി. എവിടെ നോക്കിയാലും ഇതിന്റെ ചിത്രങ്ങളും പ്രതിമകളും ലോഗോയും കാണാം. മിക്ക ഉൽപന്നങ്ങളുടെ കവറിലും ഇതിന്റെ ചിത്രമുണ്ടാകും. ആദിവാസികളുടെ എല്ലാ പരിപാടികളിലും അലങ്കാരത്തിന് ഈ പക്ഷികളുടെ  തൂവലുകൾ ആണ് ഉപയോഗിക്കുന്നത്.

തൂവലുകൾക്കായി പക്ഷികളെ അമ്പ് എയ്ത് പിടിക്കുന്നതിൽ അതിസമർത്ഥരാണിവർ. ഇപ്പോൾ പക്ഷികൾ വംശനാശത്തിന്റെ വക്കിലാണ്. കാട്ടിൽ പക്ഷികളെ കണ്ടെത്തുന്നത് തന്നെ അതീവ സാഹസികമാണ്. മനുഷ്യരെ ഭയന്ന് ഏറ്റവും ഉയർന്ന മരത്തിന്റെ

തൂവലുകൊണ്ടുള്ള തലപ്പാവുമായി ആദിവാസികൾ

കൊമ്പിലാണ് ഇവ ചേക്കേറുന്നത്. മനുഷ്യസാമിപ്യം കണ്ടാൽ അവ പറന്നു പോകും. പക്ഷികൾ ചേക്കേറുന്ന പറമ്പിന്റെ ഉടമകൾ അവയുടെ ചലനം നിരീക്ഷിച്ചു ടൂറിസ്റ്റുകൾക്ക് കാണിച്ചു കൊടുക്കും.ഓരോ സമയത്തും ഏവിടെയൊക്കെ  പക്ഷികൾ വന്നിരിക്കുമെന്നത് അവർക്ക് ഹൃദിസ്ഥമാണ്.

ടൂറിസ്റ്റുകൾക്ക് പക്ഷികളെ കാണിച്ചു കൊടുക്കുന്നതിന് സ്ഥലമുടമ പണമീടാക്കും. സ്വന്തം പറമ്പിൽ പക്ഷി ചേക്കേറാത്ത ദേക്ഷ്യത്തിന് അയൽവാസിയുടെ പറമ്പിൽ ചേക്കേറുന്ന പക്ഷികളെ കൊല്ലുന്ന സ്ഥിതിവരെയുണ്ടാകാറുണ്ട്. ഇതും വംശനാശത്തിന് കാരണമാണ്. പഴയ കാലത്ത് യൂറോപ്പിലെ പട്ടാളക്കാരുടെ തൊപ്പിയിൽ ഈ പക്ഷികളുടെ തൂവലുകൾ വെക്കാറുണ്ട്. അധിനിവേശക്കാലത്ത് ഇവയെ കൂട്ടത്തോടെ ഇതിനായി കൊന്നൊടുക്കിയിരുന്നത്രേ!

ഇപ്പോൾ പക്ഷികളുടെ അലങ്കാര തൂവലുകളുടെ വിപണനം നിയമപരമായി തടഞ്ഞെങ്കിലും ആചാരങ്ങൾക്കായി ഉപയോഗിക്കാൻ തടസ്സമില്ല. അതുകൊണ്ടു തന്നെ തൂവലുകൾക്കായി ഇപ്പോഴും ഈ സ്വർഗ്ഗത്തിലെ പക്ഷികളെ കൊല്ലുന്നുണ്ട്.വന്യമൃഗങ്ങളെ മിക്കതിനെയും ഇവിടെ വേട്ടയാടി നശിപ്പിച്ചുകൊണ്ടിരിക്കുന്നു
80 ശതമാനവും പരമ്പരാഗത ആദിവാസികളായതിനാൽ വന്യസംരക്ഷണ നിയമങ്ങളൊന്നും ഇവിടെ നടപ്പിലാക്കാൻ കഴിയില്ലെന്നതാണ് സത്യം.

Leave a Reply

Your email address will not be published. Required fields are marked *