ലോക റെക്കോര്‍ഡ് സ്വന്തമാക്കി കുടുംബശ്രീ മെഗാ തിരുവാതിര

സെറ്റ് സാരിയും പച്ച ബ്ലാസുമണിഞ്ഞ 7027 കുടുംബശ്രീ നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ തിരുവാതിരക്കളിയുടെ ചുവടുകള്‍ തീര്‍ത്തപ്പോള്‍ തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ ഗവ.കോളേജ് ഗ്രൗണ്ടില്‍ പിറന്നത് പുതു ചരിത്രം. ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ അണിനിരന്ന തിരുവാതിരക്കളിക്കുള്ള റെക്കോര്‍ഡ് ഇനി തൃശ്ശൂരിലെ കുടുംബശ്രീ കലാകാരികള്‍ക്ക് സ്വന്തം. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ടാലന്റ് റെക്കോര്‍ഡ് ബുക്ക് എന്നിവയിലാണ് മെഗാ തിരുവാതിര ഇടം നേടിയത്.

ടൂറിസം വകുപ്പും തൃശ്ശൂര്‍ ഡി.ടി.പി.സി.യും ജില്ലാഭരണകൂടവും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ഏഴായിരത്തിലേറെ

പേര്‍അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറിയത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ ഏഴായിരത്തിലേറെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന കുരവയിടലുകള്‍ക്കിടയില്‍ റവന്യൂ മന്ത്രി കെ. രാജന്‍ തിരുവാതിര ഉദ്ഘാടനം ചെയ്തു.

‘വന്ദനം ചെയ്തിടുന്നേ’ എന്നു തുടങ്ങുന്ന വരികള്‍ക്കൊപ്പം  കുടുംബശ്രീ പ്രവര്‍ത്തകര്‍ നൃത്തച്ചുവടുകള്‍ വെച്ചപ്പോള്‍ ആസ്വാദകർ കരഘോഷം മുഴക്കി. ലോകത്തിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയായി മാറിയ കുടുംബശ്രീ കൂട്ടായ്മ സ്ത്രീ ശാക്തീകരണത്തിന്റെ മഹത്തായ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ ലോക ശ്രദ്ധ തൃശ്ശൂരിലേക്ക് ആകര്‍ഷിക്കുന്ന വിധത്തില്‍ തൃശ്ശൂര്‍ നഗരത്തില്‍ കുടുംബശ്രീയുടെ മെഗാ തിരുവാതിര സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

മെഗാ തിരുവാതിര ടാലന്റ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയതായി നിരീക്ഷകനായി എത്തിയ ടാലെന്റ് റെക്കോര്‍ഡ് ബുക്ക് എഡിറ്റര്‍ രാജ് അഹ്‌മദ് ബാഷിര്‍ സയ്യദ്  പ്രഖ്യാപിച്ചു. റെക്കോര്‍ഡിനുള്ള അംഗീകാര പത്രം അദ്ദേഹം കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എ.കവിതയ്ക്ക് കൈമാറി. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിനുള്ള അംഗീകാര പത്രം പിന്നീട് കൈമാറും.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡേഴ്സ് കേരള സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താര്‍ ആദൂര്‍, ടാലെന്റ് റെക്കോര്‍ഡ് ബുക്ക് പ്രതിനിധി രക്ഷിത ജെയിന്‍ എന്നിവരും നിരീക്ഷകരായെത്തിയിരുന്നു. മെഗാ

തിരുവാതിര ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടുന്നതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

പരിപാടിയില്‍ മേയര്‍ എം.കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശ്യാമള വേണുഗോപാല്‍, തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. അജിത ബീഗം, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം കെ. ആര്‍. ജോജോ, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എ. കവിത തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *