ചേർത്തലയിലെ വീട്ടിൽ പൂകൃഷി വിളവെടുത്ത് കൃഷി മന്ത്രി

കൃഷി മന്ത്രിയുടെ വീട്ടിൽ പൂകൃഷി വിളവെടുപ്പ്. പൂപ്പാടം കാണാനും വിളവെടുപ്പിൽ പങ്കെടുക്കാനുമായി പ്രശസ്തരടക്കം പലരും ഒത്തുകൂടി. കൃഷി മന്ത്രി പി.പ്രസാദിൻ്റെ ആലപ്പുഴ ചേർത്തലയിലെ വീട്ടിലാണ് വർണ്ണാഭമായ വിളവെടുപ്പ് നടന്നത്. വിളവെടുത്ത പൂക്കൾ കൊണ്ട് മന്ത്രിയുടെ വീട്ടുമുറ്റത്ത് പൂക്കളവും തീർത്തു.

വീടിനു ചുറ്റും തയ്യാറാക്കിയ കൃഷിയിടത്തിൽ 2500 ചുവട് ചെണ്ടുമല്ലിയും 250 ചുവട് വാടാമല്ലിയുമാണ് കൃഷി ചെയ്തത്. ഇതിന് സമീപത്തായി മധുരക്കിഴങ്ങും കൂവയും കൃഷി ചെയ്യുന്നുണ്ട്. വീട്ടിലുള്ള സമയത്ത് മന്ത്രി തന്നെയാണ് കൃഷിയിടത്തിലെ കാര്യങ്ങൾ

നോക്കുന്നത്. പൂകൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ല കളക്ടർ ഹരിത വി. കുമാർ, സിനിമ സീരിയൽ ആർട്ടിസ്റ്റ് ബീന ആന്റണി, ചേർത്തല മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിത അധ്യക്ഷർ എന്നിവർ ചേർന്ന് നിർവഹിച്ചു. കാർഷിക മേഖലയിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പറയുക മാത്രമല്ല, അതിനായി മുന്നിൽ നിന്ന് പ്രവർത്തിച്ചു കാണിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് വീട്ടിൽ പൂക്കൃഷി എന്ന ആശയം സുഹൃത്തുക്കൾക്കൊപ്പം പ്രാവർത്തികമാക്കിയതെന്ന് മന്ത്രി പറഞ്ഞു.


ഏറ്റവും ലാഭകരമായ രീതിയിൽ എല്ലാവർക്കും വീട്ടിൽ തന്നെ കൃഷി ചെയ്യാൻ കഴിയുന്ന സീസണബിൾ കൃഷിയെന്ന ആശയമാണ് ഇതിലൂടെ മന്ത്രി മുന്നോട്ടു വയ്ക്കുന്നത്. പൂക്കളും പച്ചക്കറിയും നമുക്ക് തന്നെ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.ഓണക്കാലത്ത് പൂക്കൾ ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ മന്ത്രിയുടെ വീട്ടിൽ നിന്ന് തന്നെ പൂക്കൾ വാങ്ങാം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത ഷാജി, വി.ജി. മോഹനൻ, ചേർത്തല നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത കാർത്തികേയൻ, ജി.ശശികല, സ്വപ്ന ഷാബു, ഓമന ബാനർജി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, നടൻ അനൂപ് ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *