കൊച്ചി- വിയറ്റ്നാം വിയറ്റ്ജെറ്റ് വിമാന സർവീസുകൾ തുടങ്ങി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിയറ്റ്‌നാമിലെ ഹോചിമിൻ സിറ്റിയിലേക്ക് വിയറ്റ്ജെറ്റിന്റെ നേരിട്ടുള്ള വിമാന സർവീസ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്കുള്ള ആദ്യ വിമാനസർവീസ് കൂടിയാണിത്. വിയറ്റ്ജെറ്റ് കൊമേഴ്‌സ്യൽ വിഭാഗം വൈസ് പ്രസിഡന്റ് ജയ് എൽ. ലിംഗേശ്വരയാണ് ഉദ്ഘാടനം ചെയ്തത്.
കൊച്ചിയെ തെക്കുകിഴക്കേഷ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന 45 വിമാന സർവീസുകളിലൊന്നായി വിയറ്റ്ജെറ്റിന്റെ പുതിയ സർവീസ് മാറും. ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ ഇരു രാജ്യങ്ങളിലെയും യാത്രക്കാരിൽ നിന്നുള്ള സഹകരണത്തിന് ലിംഗേശ്വര നന്ദി രേഖപ്പെടുത്തി.
കൊച്ചിയും വിയറ്റ്‌നാമും തമ്മിൽ നേരിട്ടുള്ള ഈ ബന്ധം ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളിലെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ സൂചിപ്പിക്കുന്നു. ആദ്യ ദിനത്തിലെ സർവീസുകളിൽ എല്ലാ സീറ്റുകളും നിറഞ്ഞു. തുടർന്നും കൂടുതൽ വിയറ്റ്നാം നഗരങ്ങളിലേയ്ക്ക് സർവീസുകൾ തുടങ്ങും- അദ്ദേഹം പറഞ്ഞു.
വിയറ്റ്ജെറ്റ് കൊച്ചി- ഹോച്ചിമിൻ സിറ്റി പുതിയ സർവീസിന്റെ ആദ്യ ബോർഡിംഗ് പാസ് നൽകൽ സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി. നിർവഹിച്ചു. സിയാൽ കൊമേഴ്‌സ്യൽ വിഭാഗം ജനറൽ മാനേജർ ജോസഫ് പീറ്റർ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജർ പി.എസ്.ജയൻ, എ.ഒ.സി.സി ചെയർമാൻ ഗിരീഷ് കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് ഇപ്പോൾ വിയറ്റ്ജറ്റ് സർവീസുകൾ നടത്തുന്നത്. VJ1811 വിമാനം ഹോചിമിൻ സിറ്റിയിൽ നിന്ന് 19.20 ന് പുറപ്പെട്ട് 22.50 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. VJ1812 മടക്ക വിമാനം 23.50 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് 6.40 ന് ഹോചിമിൻ സിറ്റിയിൽ എത്തും.
സിയാലിന്റെയും, രാജ്യത്തെ ടൂറിസം വ്യവസായത്തിന്റെയും വികസനത്തിന് ഈ പുതിയ സേവനം സുപ്രധാന നാഴികക്കല്ലാകും. സാമ്പത്തിക വളർച്ചയ്ക്കും സാംസ്കാരിക വിനിമയത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഈ സേവനങ്ങൾ സിയാലിന് സഹായകമാവും.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2022-’23) 89.82 ലക്ഷം യാത്രക്കാർ ഉണ്ടായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലേറെ യാത്രക്കാരെയാണ് സിയാൽ പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനത്താണ് കൊച്ചി വിമാനത്താവളം.