ഇവാ ക്രിസ്റ്റിൻസൺ ‘റാപ്പിഡ് റാണി’, അമിത് താപ്പ ‘റാപ്പിഡ്‍ രാജ’
കോഴിക്കോട് പുലിക്കയത്ത് നടന്ന ഒമ്പതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ അമേരിക്കക്കാരി ഇവാ ക്രിസ്റ്റിൻസൺ (20) റാപിഡ് റാണിയായി. ഉത്തരാഖണ്ഡിൽ നിന്നുള്ള 23 കാരൻ അമിത് താപ്പയാണ് ‘റാപ്പിഡ് രാജ’.
ഇരുപതുകാരിയായ ഇവാ ക്രിസ്റ്റിൻസൺ അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയാണ്. പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ തന്നെ വിജയിക്കാൻ കഴിഞ്ഞു എന്നത് കരിയറിലെ പൊൻതൂവലായി.
കയാക്കിങ് ചാമ്പ്യൻഷിപ്പിലെ സ്ലാലോം, ബോട്ടർ ക്രോസ്സ്, ഡൗൺ റിവർ സൂപ്പർ ഫൈനൽ എന്നിവയിലെ ഒന്നാം സ്ഥാനമാണ് ഇവാ ക്രിസ്റ്റിൻസണെയും അമിത് താപ്പയെയും ചാമ്പ്യൻഷിപ്പിന്റെ വിജയികളാക്കിയത്.
ആവ ക്രിസ്റ്റിൻസൺ (യു.എസ്.എ), ആനി ഹോഡ്ജൻ(യു.എസ്.എ), മൈക്ക് ക്രുത്യൻസ്‌കി (ഇസ്രായേൽ), ഹെയ്ഡി വാൽഷ് (യു.കെ), ഡി വെറ്റ് മിച്ചൗ (ദക്ഷിണാഫ്രിക്ക) എന്നിവർ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഒമ്പതാമത് അന്താരാഷ്ട്ര കയാക്കിങ് മത്സരങ്ങൾക്കായി കോടഞ്ചേരിയിലെത്തിയിരുന്നു. വിദേശികളെ കൂടാതെ നിരവധി ഇന്ത്യൻ കയാക്കിങ് താരങ്ങളും വിവിധ മത്സരങ്ങളിലായി സമ്മാനങ്ങൾ നേടി.