ഇന്ത്യയെ അറിയുക പരിപാടി ആഗസ്റ്റ് 7ന് തുടങ്ങും

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക പരിപാടിയുടെ 66 – മത് എഡിഷന് ആഗസ്റ്റ് 7ന് തുടക്കമാകും. പരിപാടിയുടെ ഭാഗമായി വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കളും വിദ്യാര്‍ത്ഥികളും ഓഗസ്റ്റ് 7 മുതല്‍ 13 വരെ കേരളം സന്ദര്‍ശിക്കും.

സംസ്ഥാന സർക്കാരിനു വേണ്ടി നോർക്ക റൂട്ട്സിന്റെ നേതൃത്തിലാണ് സന്ദർശന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. ആഗസ്റ്റ് 6 ന് വൈകിട്ട് കൊച്ചി വിമാനത്താവളത്തിലെത്തുന്ന സംഘം 7 മുതൽ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് സന്ദര്‍ശനം നടത്തുക.

ഫിജി, ഗയാന, മലേഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാന്‍മാര്‍,ന്യൂസിലാന്റ്, സുറിനാം, ട്രിനിഡാഡ് ആന്റ് ടുബാഗോ, സിംബാബേ, ബെല്‍ജിയം, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള അറുപതോളം യുവതീ-യുവാക്കളാണ് കേരളത്തിലെത്തുന്നത്. ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കൾക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തുന്ന മൂന്നാഴ്ചത്തെ ഓറിയന്റേഷൻ പ്രോഗ്രാമാണ് നോ ഇന്ത്യാ പ്രോഗ്രാം.

ഇതിന്റെ കേരളത്തിലെ പരിപാടിക്കാണ് ഞായറാഴ്ച തുടക്കം കുറിക്കുന്നത്. സാമ്പത്തികം, വ്യാവസായികം, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതികവിദ്യ, ആശയവിനിമയം, വിവര സാങ്കേതിക വിദ്യ എന്നീ രംഗങ്ങളില്‍ രാജ്യം കൈവരിച്ച പുരോഗതി പ്രവാസി യുവാക്കള്‍ യാത്രയിലൂടെ നേരിട്ടറിയും.

കൊച്ചിൻ ഷിപ്പ് യാഡ് , വാട്ടർ മെട്രൊ, മുസിരിസ് പ്രദേശങ്ങൾ, കലാമണ്ഡലം, കുമരകം ബേഡ് സാങ്ച്വറി തുടങ്ങിയവയും മറ്റ് സാമൂഹിക രാഷ്ട്രീയ പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രാ സംഘത്തിനായി ചിന്മയ വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ആലപ്പുഴയിൽ 12 ന് നടക്കുന്ന നെഹ്റു ട്രോഫി വളളം കളിയും ആസ്വദിച്ച ശേഷം സംഘം 13 ന് വൈകിട്ട് കൊച്ചി വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേയ്ക്ക് തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *