ഞാറ് നട്ടും പാട്ടു പാടിയും കാസർകോട്ട് ‘മഴപ്പൊലിമ’
കുട്ടികളും മുതിര്‍ന്നവരും ചേറിലിറങ്ങി ഞാറ് നട്ടും പാട്ടുപാടി നൃത്തം ചെയ്തും മഴപ്പൊലിമയെ നാടിന്റെ ഉത്സവമാക്കി മാറ്റുകയാണ്. കുടുംബശ്രീ കാസര് കോട് ജില്ലാ മിഷന് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന കാര്‍ഷിക പുനരാവിഷ്ക്കരണ പരിപാടിയായ മഴപ്പൊലിമ പുരോഗമിക്കുന്നു. കലാ, കായിക മത്സരങ്ങളും ഭക്ഷ്യമേള ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്നു.
‘ചേറാണ് ചോറ്’ എന്ന സന്ദേശവുമായി തരിശ് ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക, യുവതലമുറ ഉള്‍പ്പെടെയുള്ള ജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലാ മിഷന് മഴപ്പൊലിമ സംഘടിപ്പിച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷമായി ജില്ലയില്‍ സംഘടിപ്പിച്ചുവരുന്ന മഴപ്പൊലിമ കാമ്പെയിന് ഈ വര്‍ഷം മുതല്‍ കൂടുതല്‍ വിപുലമാക്കി. സി.ഡി.എസ് തലം കൂടാതെ എ.ഡി.എസ് തലത്തിലും കാമ്പെയിന് സംഘടിപ്പിക്കുന്നു. ജുലായ് അഞ്ചിന് ആരംഭിച്ച കാമ്പെയിന്റെ ഭാഗമായി ജില്ലയിലെ 42 സി.ഡി.എസുകളില്‍ 31 ലും ഇതുവരെ മഴപ്പൊലിമ സംഘടിപ്പിച്ചു കഴിഞ്ഞു. ആറ് എ.ഡി.എസുകളും മഴപ്പൊലിമ നടത്തി.
കഴിഞ്ഞവര്‍ഷം മഴപ്പൊലിമയുടെ ഭാഗമായി കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പുകള്‍ മുഖേന 646.3 ഏക്കര്‍ തരിശുഭൂമി കൃഷിയോഗമാക്കുകയും അരിശ്രീ എന്ന ബ്രാന്‍ഡില്‍ 20.8 ടണ്‍ അരി വിപണിയിലെത്തിക്കുകയും ചെയ്തിരുന്നു.