രാമച്ച കൃഷിക്ക് എല്ലാ സഹായവും നൽകും- മന്ത്രി പി.പ്രസാദ്

സംസ്ഥാന കൃഷി വകുപ്പിന്റെ ഘടക പദ്ധതികളിലുൾപ്പെടുത്തി തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മേഖലയിൽ രാമച്ച കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. പുന്നയൂർക്കുളം രാമച്ച കൃഷി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

രാമച്ചത്തിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിന് ആവശ്യമായ  യന്ത്രങ്ങൾ വാങ്ങുന്നതിന് കർഷകർക്ക് ധനസഹായം നൽകും. പത്ത് ലക്ഷം രൂപ വരെയുള്ള യന്ത്രങ്ങൾ വാങ്ങുന്നതതിന് 80 ശതമാനം തുക സർക്കാർ നൽകും. കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച് മൂല്യവർദ്ധിതം, വിപണനം എന്നിവയ്ക്ക് പ്രാധാന്യം നൽകണം.അഗ്രോ ബിസ്നസ് വഴി രാമച്ച മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വിപണനം കാര്യക്ഷമമാക്കും. നാട്ടിലും മറുനാട്ടിലും ഇതു വഴി രാമച്ച വിപണനം നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. ചാവക്കാട് രാമച്ചത്തിന് ഭൗമ സൂചിക പദവി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഈ മേഖലയിൽ കൃഷി ചെയ്യുന്ന കർഷകരുടെ രാമച്ച ഉല്പന്നങ്ങൾക്ക് കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്  ലഭ്യമായാൽ സംസ്ഥാന സർക്കാരിന്റെ പൊതു ബ്രാന്റായ കേരള ഗ്രോയിൽ ഉൾപ്പെടുത്തും. രാമച്ച ഉല്പന്നങ്ങളെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുന്നതിന് ഉല്പന്നങ്ങൾ മനോഹരമായി പാക്കിങ്ങ് നടത്താനാവശ്യമായ പരിശീലനം നൽകും. ബോംബയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങ്ങ് സ്ഥാപനത്തിൽ സർക്കാർ സൗജന്യ പരിശീലനം നൽകും.

മന്ത്രി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പെരിയമ്പലം ബീച്ച് പരിസരത്തെ രാമച്ച കൃഷിയിടം സന്ദർശിച്ചു. കർഷക സംവാദം മന്ത്രി തൈ നനച്ച് ഉദ്ഘാടനം ചെയ്തു. കേരള കാർഷിക സർവ്വകലാശാല അസി.പ്രൊഫസർ ഡോ.വിധു ഫ്രാൻസിസിന്റെ നേതൃത്വത്തിൽ രാമച്ച കൃഷിയും മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ സാധ്യതകളും എന്ന വിഷയത്തിൽ കർഷക ചർച്ച നടന്നു. പാരമ്പര്യ രാമച്ച കർഷകൻ കടത്തേടത്ത് ഭാസ്കരനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

എൻ.കെ.അക്ബർ എം.എൽ.എ അധ്യക്ഷനായി. പ്രിൻസിപ്പിൾ കൃഷി ഓഫീസർ ഉഷ മേരി ഡാനിയൽ വിഷയാവതരണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആഷിദ, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ജലീൽ വീട്ടിപറമ്പിൽ, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. കെ. നിഷാർ, ചാവക്കാട് കൃഷി അസി. ഡയറക്ടർ എ. എൻ. മനോജ് തുടങ്ങിയവർ പങ്കെടുത്തു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ സ്വാഗതവും കൃഷി ഓഫീസർ പി.എ. നാനു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *