പുലിക്കയത്ത്  മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കമായി

ചാലിപ്പുഴയിൽ ഇനി കയാക്കിങ് മത്സരങ്ങളുടെ നാളുകൾ. ഒമ്പതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന് കോഴിക്കോട് പുലിക്കയത്ത് തുടക്കമായി. അന്താരാഷ്ട്ര-ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി കയാക്കിംഗ് താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി മലയോരത്തേക്ക് എത്തുന്നത്. മലയോരത്തിന്റെ ടൂറിസം വികസനത്തിന് ഊർജ്ജം പകർന്നുകൊണ്ട് നൂറുകണക്കിന് കാണികൾ ആദ്യദിനം പുലിക്കയത്ത് എത്തി.

കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. അടുത്ത വർഷം മുതൽ മലബാർ റിവർ ഫെസ്റ്റിവലിന്റെ നടത്തിപ്പിൽ ടൂറിസം വകുപ്പിനൊപ്പം കായിക വകുപ്പിന്റെ കൂടി പങ്കാളിത്തമുണ്ടാകുന്ന കാര്യം പരിഗണിക്കാമെന്ന്  മന്ത്രി പറഞ്ഞു.  മലബാർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് മലബാർ റിവർ ഫെസ്റ്റിവൽ. കൂടുതൽ ആളുകളെ ആകർഷിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വൈറ്റ് വാട്ടർ കയാക്കിങ്ങിനെ കായികയിനമാ ക്കണമെന്ന ആവശ്യം പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.

കയാക്കിങ്ങിന്റെ ഭാഗമായി ആഗസ്റ്റ് അഞ്ചിന്  ഇന്റർനാഷണൽ താരങ്ങൾ പങ്കെടുക്കുന്ന പ്രഫഷണൽ എക്സ്ട്രീം കയാക് സ്ലാലോം, ഡൗണ്‍ റിവര്‍ എന്നീ മത്സരങ്ങൾ നടക്കും. മത്സരങ്ങള്‍  ഓഗസ്റ്റ് ആറിന്  സമാപിക്കും. ഓഗസ്റ്റ് ആറിന് വൈകുന്നേരം 4.30 ന് ഇലന്തുകടവിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

1.65 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കയാക്കിങ് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ  ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിസന്റ് മേഴ്സി പുളിക്കാട്ടിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി.ടി. അഗസ്റ്റിൽ, കേരള അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ. ബിനു കുര്യാക്കോസ്  ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ്. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *