ജെ.സി. ഡാനിയേല്‍ പുരസ്‌ക്കാരം സംവിധായകന്‍ ടി.വി. ചന്ദ്രന്

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022ലെ ജെ.സി ഡാനിയേല്‍ പുരസ്‌ക്കാരം സംവിധായകന്‍ ടി.വി ചന്ദ്രന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌ക്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി. ഡാനിയേല്‍ അവാര്‍ഡ്.

2021ലെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ കെ.പി. കുമാരന്‍ ചെയര്‍മാനും, നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍, നടിയും സംവിധായികയുമായ രേവതി എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്ന സംവിധായകനാണ് ടി.വി. ചന്ദ്രന്‍ എന്ന് ജൂറി അഭിപ്രായപ്പെട്ടു.1975ല്‍ ‘കബനീനദി ചുവന്നപ്പോള്‍’ എന്ന ചിത്രത്തിലൂടെ അഭിനേതാവായി ചലച്ചിത്രരംഗത്ത് എത്തിയ ടി.വി. ചന്ദ്രന്‍ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളില്‍ അരനൂറ്റാണ്ടുകാലമായി നല്ല സിനിമയ്‌ക്കൊപ്പം ഉറച്ച നിലപാടുകളുമായി നിലകൊള്ളുന്നു.

മനുഷ്യവിമോചനത്തിനായുള്ള പുരോഗമന രാഷ്ട്രീയ നിലപാടുകളും ശക്തമായ സ്ത്രീപക്ഷ സമീപനങ്ങളും വെച്ചുപുലര്‍ത്തുന്ന 15 മലയാള സിനിമകളും രണ്ടു തമിഴ് സിനിമകളും ഒരുക്കിയിട്ടുണ്ട്. ദേശീയ, അന്തര്‍ദേശീയ ബഹുമതികളിലൂടെ മലയാള സിനിമയുടെ യശസ്സുയര്‍ത്തിയ ചലച്ചിത്രകാരനാണ് ടി.വി ചന്ദ്രനെന്ന് ജൂറി കൂട്ടിച്ചേര്‍ത്തു.

1993ല്‍ മികച്ച സംവിധായകനുള്ള ദേശീയപുരസ്‌ക്കാരം ഉള്‍പ്പെടെ ഏഴ് ദേശീയ അവാര്‍ഡുകളും 10 കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ടി.വി ചന്ദ്രന്‍ നേടിയിട്ടുണ്ട്. ഒമ്പത് ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സംവിധാനം ചെയ്ത ‘ആലീസിന്റെ അന്വേഷണം’ ലൊകാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

പൊന്തന്‍മാട, മങ്കമ്മ, ഡാനി, ഓര്‍മ്മകളുണ്ടായിരിക്കണം, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, കഥാവശേഷന്‍, ആടുംകൂത്ത്, ഭൂമിമലയാളം എന്നിവയാണ് വിവിധ വിഭാഗങ്ങളില്‍ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ച സിനിമകള്‍. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന മുപ്പതാമത്തെ വ്യക്തിയാണ് ടി.വി. ചന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *