കോട്ടയ്ക്കലില്‍ ദക്ഷയാഗം കഥകളി ആസ്വദിച്ച് രാഹുൽ ഗാന്ധി

കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്ര സന്നിധിയിൽ പി.എസ്.വി. നാട്യസംഘത്തിൻ്റെ കഥകളിയൊരുക്കങ്ങൾ നടക്കുകയാണ്. ചുട്ടിയും വേഷവിധാനങ്ങളും കഴിഞ്ഞ് കലാകാരന്മാർ വേദിയില്‍ എത്തിയപ്പോൾ രാഹുൽ ഗാന്ധി മുന്നിൽ! എല്ലാവരും കൈകൂപ്പി. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിൽ കഴിയുന്ന രാഹുൽ ഗാന്ധിക്കു വേണ്ടിയാണ് ഇവിടെ ദക്ഷയാഗം കഥകളി അരങ്ങേറുന്നത്.

കഥകളി വേഷക്കാരോടൊപ്പം നിന്ന് രാഹുൽ ഫോട്ടോയെടുത്തു. തുടർന്ന് കഥകളി കാണാനായി മുൻ സീറ്റിൽ തന്നെയിരുന്നു. ചികിത്സയിൽ കഴിയുന്ന എം.ടി.വാസുദേവൻ നായരും എ.ഐ സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും രാഹുലിനടുത്തു തന്നെയിരുന്നു. ദക്ഷയാഗം കഥകളി ഒന്നര മണിക്കൂറായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്.

കഥയുടെ ചുരുക്കം കേൾപ്പിച്ചത് രാഹുൽ ഗാന്ധിക്ക് കഥ എളുപ്പം മനസ്സിലാകുന്നതിന് സഹായകമായി. സംശയങ്ങൾ മറ്റുള്ളവരോട് ചോദിച്ച് മനസ്സിലാക്കി. കോട്ടയ്ക്കൽ മധുവിൻ്റെ ആലാപനത്തിൽ കഥകളി വേഷങ്ങൾ രംഗത്ത് ചുവടു വെച്ചപ്പോൾ സദസ്സ് ലയിച്ചിരുന്നു. ശിവൻ്റെ വേഷത്തിൽ എ.ഉണ്ണികൃഷ്ണനും സതിയായി രാജ് മോഹനനും വീരഭദ്രനായി കോട്ടയ്ക്കൽ ദേവദാസും ദക്ഷനായി സുധീറും രംഗത്തെത്തി.

എ.പി.അനിൽകുമാർ എം.എൽ.എ, മാതൃഭൂമി മാനേജിങ് ഡയരക്ടർ എം.വി.ശ്രേയാംസ് കുമാർ, ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം.വാരിയർ ഭാര്യ ശൈലജ മാധവൻകുട്ടി, സി.ഇ.ഒ ഡോ. ജി.സി.ഗോപാലപിള്ള എന്നിവരും സദസ്സിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *