അതിഥിയായി വന്ന രാഹുൽ ഗാന്ധിക്ക് പേന സമ്മാനിച്ച് എം.ടി.
എഴുത്തിൻ്റെ ജ്ഞാനപീഠം കയറിയ പ്രതിഭയോട് ഒട്ടേറെ വിശേഷങ്ങൾ ചോദിക്കാനുണ്ടായിരുന്നു രാഹുൽ ഗാന്ധിക്ക്. എം.ടി.യുടെ സാഹിത്യ ലോകത്തെക്കുറിച്ച് പലതും അറിയണം. സാഹിത്യം, എഴുത്ത്, നാട്ടുകാര്യങ്ങൾ പലതും എം.ടി. പങ്കുവെച്ചു. ചികിത്സയിൽ കഴിയുന്ന തൻ്റെ മുറിയിലെത്തിയ രാഹുൽ ഗാന്ധിക്ക് എം.ടി പേന സമ്മാനിച്ചത് രാഹുൽ സ്നേഹത്തോടെ സ്വീകരിച്ചു.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിൽ കഴിയുന്ന എം.ടി.വാസുദേവൻ നായരുടെ മുറിയിൽ കൂപ്പുകൈളോടെയാണ് രാഹുൽ ഗാന്ധി എത്തിയത്. രാഹുൽ സ്നേഹപൂർവ്വം ഷാൾ അണിയിച്ചപ്പോൾ എം.ടി രാഹുലിനെയും ഷാൾ അണിയിച്ചു. എഴുത്തിൻ്റെ വിശേഷങ്ങളെല്ലാം രാഹുൽ ഗാന്ധി എം.ടി.യോട് ചോദിച്ച് മനസ്സിലാക്കി. മഞ്ഞും നാലുകെട്ടും രണ്ടാമൂഴവും വരെ സംസാരത്തിൽ കയറി വന്നു. എനിക്ക് താങ്കളെപ്പോലെ എഴുതാൻ കഴിയുന്നില്ലല്ലൊ എന്ന വിഷമവും രാഹുൽ പങ്കുവെച്ചു.
തൻ്റെ കൃതികളിൽ പലതും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ടെന്നും ഇത് വായിക്കാനായി എത്തിക്കാമെന്നും എം.ടി. പറഞ്ഞു. ഇതിനിടയിൽ എം.ടി.യുടെ സിനിമകളെക്കുറിച്ച് ഒപ്പമുണ്ടായിരുന്ന എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞപ്പോൾ നിർമ്മാല്യം സിനിമ ചർച്ചയായി. കാണേണ്ട സിനിമകളുടെ കൂട്ടത്തിൽ ഇതു കൂടി ഉൾപ്പെടുത്തുമെന്ന് രാഹുൽ പറഞ്ഞു.
മുട്ടുവേദനയ്ക്ക് ചികിത്സ തേടി രാഹുൽ ഗാന്ധി കുറച്ചു ദിവസമായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലുണ്ട്. തൊട്ടടുത്ത മുറിയിലാണ് എം.ടി. ഉണ്ടായിരുന്നത്. എല്ലാ വർഷവും നടത്തുന്ന ചികിത്സയുടെ ഭാഗമായാണ് എം.ടി. ആര്യവൈദ്യശാലയിലെത്തിയത്. കൂടിക്കാഴ്ചയ്ക്കുശേഷം രാഹുൽ ഗാന്ധി ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ – ‘ആധുനിക മലയാള സാഹിത്യത്തിലെ ഇതിഹാസമായ ജ്ഞാനപീഠം ജേതാവ് എം.ടി.വാസുദേവൻ നായരെ കാണാൻ സാധിച്ചതിൽ ഞാൻ ധന്യനാണ്. അദ്ദേഹം എനിക്കൊരു പേന തന്നു. ഇത് ഞാൻ നിധിപോലെ സൂക്ഷിക്കും’