സംരംഭകർക്ക് മാതൃകയായി ബ്രഹ്മാസ് ഡെയറിഫാം
ജോലി രാജിവെച്ച് പശു ഫാം തുടങ്ങി കഠിന പ്രയത്നത്തിലൂടെ വിജയം കണ്ടെത്തിയ യുവാക്കളുടെ കഥയിതാ. തിരുവനന്തപുരം കരകുളം ഗ്രാമത്തിലെ ഈ ഫാമിൽ നിന്ന് അതിരാവിലെ കറന്നെടുക്കുന്ന പാൽ പായ്ക്കറ്റാക്കി ഇവർ തന്നെ നഗരത്തിന്റെ എല്ലാ ഭാഗത്തും വിതരണം നടത്തുകയും ചെയ്യുന്നു.
വീടുകളിലും ഫ്ലാറ്റുകളിലുമായി 300 കുടുംബങ്ങൾ ഇപ്പോൾ ഈ പാലാണ് ഉപയോഗിക്കുന്നത്. കരകുളം പഞ്ചായത്തിലെ എട്ടാംകല്ലിലാണ് ബ്രഹ്മാസ് ഡെയറി ഫാം. നീലകണ്ഠ വിലാസം വീട്ടിൽ നിഖിലും സുഹൃത്തുക്കളായ വിജീഷും നിധിനും ചേർന്നാണ് ഫാം തുടങ്ങിയത്. നിഖിലും നിധിനും മെഡിക്കൽ റപ്രസന്റേറ്റീവ് ജോലി രാജി വെച്ചാണ് ഈ രംഗത്തേക്ക് ഇറങ്ങിയത്.
വിജീഷ് ആർമിയിൽ നിന്ന് പിരിഞ്ഞ ശേഷമാണ് ഇവർക്കൊപ്പം ചേർന്നത്. മൂന്നു പേരും ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. 80 സെന്റ് സ്ഥലമുള്ള നിഖിലിന്റെ വീട്ടുപറമ്പിലാണ്ഫാം. ഇപ്പോൾ ജെഴ്സി, എച്ച്.എഫ് ഇനത്തിൽപ്പെട്ട 15 പശുക്കളുണ്ട്. മൂന്നു വർഷം മുമ്പാണ് ഫാം തുടങ്ങിയത്. 10 ലക്ഷം രൂപയുടെ മുദ്ര ബാങ്ക് വായ്പയിലൂടെയാണ് ഫാമിന്റെ തുടക്കം. 25 പശുക്കളെ വളർത്താനുള്ള സ്ഥലം ഫാമിലുണ്ട്.
നിലത്ത് റബ്ബർമാറ്റ് വിരിച്ചിട്ടുണ്ട്. പശുക്കൾക്ക് കുടിവെള്ളത്തിനായി ഓട്ടോമാറ്റിക്ക് സംവിധാനവും ഫാനും മ്യൂസിക്ക് സിസ്റ്റവും ഫാമിലുണ്ട്. മൂന്നു പേരും ചേർന്നാണ് ഫാമിലെ സകല കാര്യങ്ങും ചെയ്യുന്നത്. ഫാം വൃത്തിയാക്കാനും പുല്ലുവെട്ടാനും ഒരു തൊഴിലാളിയുണ്ട്. രാവിലെ അഞ്ച് മണിക്ക് കറവ യന്ത്രം ഉപയോച്ച് കറവ തുടങ്ങും. കറന്ന ഉടൻ ഇവ യന്ത്രം വഴി പായ്ക്കറ്റുകളിലാക്കും. അര ലിറ്റർ, ഒരു ലിറ്റർ പായ്ക്കറ്റുകളാക്കിയാണ് വില്പന. ആറ് മണിക്ക് മൂന്നു പേരും ചേർന്ന് ബൈക്കിൽ പാൽ വിതരണം തുടങ്ങും.
തിരുവനന്തപുരം നഗരത്തിൽ പേരൂർക്കട , ശാസ്തമംഗലം, കവടിയാർ, പട്ടം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലും ഫ്ലാറ്റുകളിലും പാൽ എത്തിക്കുന്നുണ്ട്. ഇതു പോലെ വൈകീട്ടും വിതരണമുണ്ട്. ഇപ്പോൾ 160 ലിറ്റർ പാൽ വിൽക്കുന്നുണ്ട്. നാട്ടിൽ ലിറ്ററിന് 55 രൂപയും നഗരത്തിൽ 60 രൂപയുമാണ് പാൽ വില. ഇതു കൂടാതെ പച്ചച്ചാണകം ചാക്കിലാക്കി 50 രൂപ തോതിൽ വിൽക്കുന്നുണ്ട്. നാട്ടിൽ നിന്ന് വെട്ടിയെടുക്കുന്ന പച്ചപ്പുല്ലാണ് പശുക്കൾക്ക് കൊടുക്കുന്നത്.
തമിഴ്നാട്ടിൽ നിന്ന് വരുന്ന വൈക്കോലും കൊടുക്കും. കാലിത്തീറ്റ, പരുത്തിപിണ്ണാക്ക്, തേങ്ങാപിണ്ണാക്ക് ഗോതമ്പ്തവിട് എന്നിവയാണ് തീറ്റയായി നൽകുന്നത്. നന്നായി നടത്തിക്കൊണ്ടു പോയാൽ പശുഫാം ലാഭകരമാണെന്ന് നിഖിൽ പറഞ്ഞു. ഇതൊരു തൊഴിലായി യുവാക്കൾക്ക് ഏറ്റെടുക്കാവുന്നതാണ്. ഞങ്ങൾ ബാങ്ക് വായ്പയിൽ നാലര ലക്ഷം രൂപ തിരിച്ചടച്ചു കഴിഞ്ഞു. വയൽ പാട്ടത്തിനെടുത്ത് തീറ്റപ്പുൽകൃഷി തുടങ്ങിയിട്ടുണ്ട്.
ആട്, കോഴി എന്നിവയെക്കൂടി ഉൾപ്പെടുത്തി ഫാം വിപുലമാക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. പത്ത് പശുക്കളെക്കൂടി ഉടൻ വാങ്ങുന്നുണ്ട് – ബ്രഹ്മാസ് ഫാം നൽകുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിൽ നിഖിൽ പറഞ്ഞു. ഫാം തുടങ്ങാൻ താല്പര്യമുള്ള പല സംരംഭകരും ബ്രഹ്മാസ് ഫാം സന്ദർശിക്കാൻ എത്താറുണ്ട്.
Congratulations all of you.you are all role model for new generation, people are running behind Doctor, Engineer etc…. see everyone how youngsters achieving their goals …. once again I heartily wishes for your success and future events
ഇവരെ പോലുള്ള യുവാക്കളാണ് പുതിയ കേരളത്തിന് മാതൃക വിജയാശംസകൾ .