‘ഇന്ദ്രനീല’ ത്തിൻ്റെ രചനയുടെ ഓർമ്മകൾ

കെ.കെ.മേനോന്‍

“ഇന്ദ്രനീല”ത്തിന് ഒരു വയസ്സ് പൂർത്തിയാകുന്നു. കോവിഡ് കാലത്ത് ഒരു ജോലിയുമില്ലാതെ വീട്ടിൽ കഴിച്ചുകൂട്ടിയ നാളുകളിൽ പുത്തൻ ഉണർവും ഏറെ ഉന്മേഷവും നൽകിയ മോഹമായിരുന്നു ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്നത്. കടമ്പകൾ ഏറെ കടക്കേണ്ടി വന്നപ്പോഴും, അനുനിമിഷം ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ടേയിരുന്ന ഒരു മന്ത്രം ” ഈ ലോകത്ത് നിന്ന് വിടപറയുന്നതിനു മുൻപായി, എന്റെ  കയ്യൊപ്പ്  ഭൂമിയിൽ പതിഞ്ഞു കാണേണം “. ഈ വാക്കുകൾ തന്നെയാണ് മനസ്സിന് വേണ്ട ആത്മവിശ്വാസവും ധൈര്യവും പകർന്നു തന്നത്.

ഒരു പുസ്തക രചനയ്ക്ക് വേണ്ട ഘടകങ്ങൾ എന്തൊക്കെയാണ്, വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്,എന്നിങ്ങനെ ഒരു കാര്യത്തിലും എനിക്ക് നിർദ്ദേശങ്ങൾ നൽകുവാനോ, മാർഗ്ഗനിർദ്ദേശങ്ങൾ തന്ന് സഹായിക്കുവാനോ ആരും ഉണ്ടായിരുന്നില്ല. അതിന്റെയെല്ലാം ചില

ഇന്ദ്രനീലം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് സമ്മാനിച്ചപ്പോൾ

കുറവുകൾ ഇന്ദ്രനീലം വായിച്ചപ്പോൾ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടാകാം. ഏതായാലും മുന്നോട്ടു വെച്ച കാൽ പിറകോട്ടില്ല എന്ന ദൃഡ നിശ്ചയത്തോടെ മാതാപിതാക്കളെയും  ഗുരുജനങ്ങളെയും മൂകാംബിക ദേവിയെയും മനസ്സിൽ ധ്യാനിച്ച് എഴുത്തു തുടങ്ങി.

ആദ്യമായി ചില ഓർമ്മക്കുറിപ്പുകൾ, പിന്നെ ബാല്യകൗമാര കാലങ്ങളിലെ അനുഭവങ്ങൾ, പരിചയപ്പെട്ട പ്രതിഭകൾ, അവരുമായി സഹകരിച്ച് പ്രവർത്തിച്ച അനുഭവങ്ങൾ, അങ്ങനെ ഓരോ ലേഖനവും ഓരോ എഴുത്തനുഭവമായിരുന്നു. അനാമിക, ഇന്ദ്രനീലം,ചാന്താട്ടം എന്നീ കഥകൾ എഴുതുമ്പോൾ, ആ കഥകളിലെ കഥാപാത്രങ്ങൾക്ക് ജീവനും നിറവും നൽകി കഥയിലൂടെ മുന്നോട്ടു കൊണ്ട് പോയപ്പോൾ, എന്നിലെ എളിയ എഴുത്തുകാരനെ ഞാൻ തിരിച്ചറിയുകയായിരുന്നു.

കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച്, വായനക്കാരെ നോക്കുമ്പോൾ, വായനാരസം ഒട്ടും ചോർന്നു പോകാതെ ആ കഥ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ആലോചിച്ച് മനസ്സിൽ ഏറെ സമ്മർദ്ദങ്ങൾ അനുഭവിച്ചിരുന്നു. ആ സമയങ്ങളിൽ പലപ്പോഴും മനസ്സിൽ ഉയർന്നുവന്ന വെല്ലുവിളികൾ, എഴുതാനുള്ള ഒരു വലിയ പ്രചോദനമായിരുന്നു. അനാമികയും, മൃണാളിനിയും, ദേവദത്തനും, രാജലക്ഷ്മിയും എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ തന്നെയാണ്.

അനാമികയുടെ കൂടെ ഞാൻ കുറെയധികം ദിവസങ്ങൾ ചെലവഴിച്ചപ്പോൾ അവളുടെ സംഗീതവും നൃത്തവും ജീവിതാനുഭവങ്ങളും എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. എല്ലാം ഉപേക്ഷിച്ച് എന്നോട് യാത്രപറഞ്ഞ് അവൾ പോയപ്പോൾ ഞാനറിയാതെ ഒരിറ്റു കണ്ണുനീർ ഞാൻ എഴുതിക്കൊണ്ടിരുന്ന കടലാസിൽ വീണു. അത്രക്കേറെ നൊമ്പരപ്പെടുത്തിയ അനാമികയെ വീണ്ടും കാണുവാൻ മനസ്സിൽ ഏറെ മോഹം കാത്തു സൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെ കഥയുടെ ഒരു രണ്ടാം ഭാഗം എഴുതിക്കൊണ്ട് അനാമികയെ തിരിച്ചുകൊണ്ടു വന്നാലോ എന്നുകൂടി ഞാൻ ചിലപ്പോൾ ആലോചിക്കാറുണ്ട്.

ആചാരങ്ങൾ കാത്തുസൂക്ഷിക്കുവാനായി സ്വന്തം ജീവൻ ബലി കൊടുത്ത ദേവദത്തനും, അവന്റെ വിയോഗത്തിൽ മനസ്സു തകർന്ന് ആത്മഹത്യ ചെയ്ത രാജലക്ഷ്മിയും, വായനക്കാർക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായിരുന്നു എന്ന് എനിക്ക് ലഭിച്ച അഭിപ്രായങ്ങളിൽ നിന്നും മനസ്സിലാക്കിയപ്പോൾ അതെനിക്ക് നൽകിയ സന്തോഷത്തിന് അതിരുകളില്ല. ഇന്ദ്രനീലത്തിലെ കുറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച jordays.in നൽകിയ സഹകരണവും പ്രോത്സാഹനവും ഞാൻ നന്ദിയോടെ സ്മരിക്കുന്നു. എല്ലാ വിമർശനങ്ങൾക്കും, പ്രോത്സാഹനങ്ങൾക്കും വായനക്കാരോട് നന്ദി പറയുന്നു.