കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ ഫണ്ട് നൈപുണ്യപരിശീലനത്തിന്‌

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ. ഫണ്ട് നൈപുണ്യപരിശീലന രംഗത്ത് ചെലവഴിക്കാൻ ധാരണാപത്രം ഒപ്പിട്ടതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേംബറിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ഷിപ്പ് യാർഡ് സാങ്കേതിക വിഭാഗം ഡയറക്ടർ ബിജോയ് ഭാസ്‌കറും അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

ആദ്യഘട്ടമായി 50 ലക്ഷം രൂപ കൊച്ചിൻ ഷിപ്പ് യാർഡ് ഇതിനായി ചെലവഴിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുമായി സഹകരിച്ചാണ് നൈപുണ്യ പരിശീലന രംഗത്ത് കൊച്ചിൻ ഷിപ്പ് യാർഡ് തുക ചെലവഴിക്കുകയെന്ന് മന്ത്രി പറഞ്ഞു. കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ. ഫണ്ട് വിനിയോഗിച്ച് പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗക്കാർക്കും മൽസ്യത്തൊഴിലാളി വിഭാഗത്തിലെ യുവജനങ്ങൾക്കുമായി ആരംഭിക്കുന്ന സമത്വ പദ്ധതിയുടെയും, എറണാകുളം ജില്ലയിലെ വനിതകൾക്കായി ആരംഭിക്കുന്ന ഷീ-സ്‌കിൽസ് പദ്ധതിയുടെയും ലോഞ്ചിങ്ങും ചടങ്ങിൽ നിർവ്വഹിച്ചു.

ഒമ്പത് തൊഴിലധിഷ്ഠിത പ്രോഗ്രാമുകളാണ് പദ്ധതിയിൽ നടപ്പാക്കുക. പാർശ്വവത്കൃത വിഭാഗങ്ങളിലെ യുവജനങ്ങളുടെ ഉന്നമനത്തിനാണ് പദ്ധതി ഊന്നൽ നൽകുന്നത്. 15 വയസിനു മുകളിലുള്ള വനിതകൾക്കായി നടത്തുന്ന ഷീ സ്‌കിൽസ് പദ്ധതി എറണാകുളം ജില്ല കേന്ദ്രീകരിച്ചായിരിക്കും. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്കും മത്സ്യത്തൊഴിലാളി വിഭാഗത്തിലെ യുവജനങ്ങൾക്കുമായി നടത്തുന്ന സമത്വ പദ്ധതി കേരളത്തിലുടനീളം സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട് – മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *