ഡോ. വി. വേണു ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
ഡോ. വി. വേണു കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ചുമതലയേറ്റത്. സംസ്ഥാനത്തിന്റെ നീറുന്ന പ്രശ്നങ്ങളെ മുന്നിൽ നിന്ന് നേരിടുമെന്ന് ചുമതലയേറ്റ ശേഷം ചീഫ് സെക്രട്ടറി അറിയിച്ചു.
മുന്നിലെത്തുന്ന പരാതികളെ ഉത്തരവാദിത്തത്തോടെ കാണും. അവ പരിഹരിക്കുകയും ചെയ്യും. കേരള സിവിൽ സർവീസിലെ ഉന്നത പദവിയായ ചീഫ് സെക്രട്ടറി സ്ഥാനം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഉത്തരവാദിത്തം വലുതാണെന്ന ബോധ്യത്തോടെയാണ് ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. അത് വെല്ലുവിളിയായി എടുക്കുന്നു.
മുൻ ചീഫ് സെക്രട്ടറി തുടങ്ങി വെച്ച കാര്യങ്ങൾ പൂർണതയിൽ എത്തിക്കാനും ജനങ്ങൾക്ക് പ്രയോജനകരമാക്കാനും ശ്രമിക്കും. കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ ചീഫ് സെക്രട്ടറിമാരിൽ ഒരാളായ ഡോ. വി. പി. ജോയ് യുടെ പിൻഗാമിയായാണ് പദവിയിലെത്തുന്നത്. എല്ലാവരുടെയും സഹകരണം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വർഷത്തിലധികം ചീഫ് സെക്രട്ടറി പദവിയിൽ പ്രവർത്തിച്ചപ്പോൾ സഹകരിച്ചവരോടെല്ലാം പ്രത്യേകം നന്ദി പറയുന്നതായി വിരമിച്ച ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് അറിയിച്ചു. പുതിയ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം ആശംസകൾ നേർന്നു. ഡോ.വി.വേണു കോഴിക്കോട് സ്വദേശിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് കഴിഞ്ഞ ശേഷമാണ് സിവിൽ സർവ്വീസ് നേടിയത്. 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്.
പ്രളയാനന്തരം കേരള പുനർനിർമാണത്തിന്റെ ചുമതല ഡോ. വി.വേണുവിനായിരുന്നു. പാലാ സബ് കളക്ടറായാണ് തുടക്കം. കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്പെഷ്യൽ ഓഫീസറായി പ്രവർത്തിച്ചിരുന്നു. വിവിധ വകുപ്പുകളിൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരനാണ് ഭാര്യ.