ഡോ.വി.വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ക്ക് ദർവേഷ് സാഹിബ് പോലീസ് മേധാവി
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫയർഫോഴ്സ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബാണ് പുതിയ പോലീസ് മേധാവി. നിലവിലുള്ള ചീഫ് സെക്രട്ടി ഡോ. വി.പി. ജോയിയും സംസ്ഥാന പോലീസ് മേധാവി അനിൽകാന്തും ജൂൺ 30 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
ഡോ.വി.വേണു കോഴിക്കോട് സ്വദേശിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് കഴിഞ്ഞ ശേഷമാണ് സിവിൽ സർവ്വീസ് നേടിയത്. 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. പ്രളയാനന്തരം കേരള പുനർനിർമാണത്തിന്റെ ചുമതല ഡോ. വി.വേണുവിനായിരുന്നു. പാലാ സബ് കളക്ടറായാണ് തുടക്കം. കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്പെഷ്യൽ ഓഫീസറായി പ്രവർത്തിച്ചിരുന്നു. വിവിധ വകുപ്പുകളിൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരനാണ് ഭാര്യ.
ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിയായ ഷെയ്ഖ് ദർവേഷ് സാഹിബ് 1990 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. രണ്ടുതവണ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു. നെടുമങ്ങാട് എ.എസ്.പി.യായിട്ടായിരുന്നു സർവീസിൻ്റെ തുടക്കം. വയനാട്, കാസർകോട്, കണ്ണൂർ, പാലക്കാട്, റെയിൽവേസ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പി.യായും എം.എസ്.പി., കെ.എ.പി. രണ്ടാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാണ്ടന്റ് ആയും പ്രവർത്തിച്ചു.
കൊച്ചി സിറ്റി പോലീസ് കമ്മിഷണറായും ഗവർണറുടെ എ.ഡി.സി.യായും ഐക്യരാഷ്ട്ര സഭ ദൗത്യത്തിൻ്റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ അസിസ്റ്റന്റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്.ബി.സി.ഐ.ഡി., പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂർ റെയ്ഞ്ച്, ആംഡ് പോലീസ് ബറ്റാലിയൻ എന്നിവിടങ്ങളിൽ ഐ.ജി. ആയിരുന്നു.
അഡീഷണൽ എക്സൈസ് കമ്മിഷണറായും കേരള പോലീസ് അക്കാദമി ഡയറക്ടറായും പ്രവർത്തിച്ചു. എ.ഡി.ജി.പി.യായ ശേഷം
പോലീസ് ആസ്ഥാനം, വിജിലൻസ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പോലീസ് അക്കാഡമി ഡയറക്ടർ, ജയിൽ മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചു. അമേരിക്കയിൽനിന്ന് ഉൾപ്പെടെ പരിശീലനം നേടിയിട്ടുണ്ട്.
കൃഷിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. അഗ്രോണമിയിൽ ഡോക്ടറേറ്റും ഫിനാൻസിൽ എം.ബി.എ.യും നേടിയിട്ടുണ്ട്. വിശിഷ്ടസേവനത്തിന് 2016-ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യർഹസേവനത്തിന് 2007-ൽ ഇന്ത്യൻ പോലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷൻസ് പീസ് കീപ്പിങ് മെഡൽ എന്നിവ നേടി. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ.അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കൾ. മരുമകൻ മുഹമ്മദ് ഇഫ്ത്തേക്കർ.