കനാലുകൾക്ക് പുനരുജ്ജീവനവുമായി സിയാൽ
കൊച്ചി വിമാനത്താവളത്തിന് ചുറ്റുമുള്ള നാലുപഞ്ചായത്തുകളിലെ കനാലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള സിയാലിന്റെ പദ്ധതിയ്ക്ക് തുടക്കമായി. ശ്രീമൂലനഗരം, കാഞ്ഞൂർ, നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകളിലെ 22 കി.മി ദൂരമുള്ള കനാലുകളാണ് സിയാൽ ഇടപെട്ട് ശുചീകരിക്കുന്നത്. കനാൽ പുനരുജ്ജീവന പ്രവൃത്തി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
വിമാനത്താവളത്തിലും പരിസര മേഖലകളിലും വെള്ളപ്പൊക്കം നേരിടാൻ ഓപ്പറേഷൻ പ്രവാഹ് നേരത്തെ സിയാൽ നടപ്പിലാക്കിയിരുന്നു. അതിന്റെ രണ്ടാംഘട്ടമായാണ് കനാലുകൾ ശുചീകരണം നടത്തുന്നത്. കൈതക്കാട്ട് ചിറ-പറമ്പയം, തറനിലം-ഡൈവേർഷൻ കനാൽ റീച്ച് 5, ചെങ്ങൽതോട്- ചൊവ്വര, കോസ്റ്റ് ഗാർഡ്- പെരിയാൽ, ചൊവ്വര- മഠത്തിൽമൂല, മഠത്തിൽമൂല-പാനായിക്കടവ് എന്നീ കനാൽ ഭാഗങ്ങളാണ് പുനരുജ്ജീവിപ്പിക്കുന്നത്.
അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷനായിരുന്നു. റോജി എം.ജോൺ എം.എൽ.എ., അങ്കമാലി മുൻസിപ്പൽ ചെയർമാൻ മാത്യൂ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് മാരായ ഗ്രേസി ദയാനന്ദൻ, സെയ്ബ മുഹമ്മദ് അലി, കെ.സി.മാർട്ടിൻ, പി.വി.കുഞ്ഞ്, സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് തുടങ്ങിയവർ പങ്കെടുത്തു.