അറിവ് നേടുക എന്നതാകണം ജീവിത ലക്ഷ്യം- ഗവർണർ
അറിവ് നേടുക എന്നതാകണം ജീവിത ലക്ഷ്യമെന്നും എല്ലായ്പ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അസോസിയേഷൻ മൂന്നാമത് രാജ്യപുരസ്കാർ വിതരണം എറണാകുളം കാലടി ശ്രീശാരദാ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം ജീവിതത്തിൽ മുഴുനീള പ്രക്രിയയാണ്. അറിവും ജ്ഞാനവും മനുഷ്യന്റെ പൈതൃകമാണ്. സ്വയം ആനന്ദം കണ്ടെത്തുന്നതിനൊപ്പം തന്നെ മറ്റുള്ളവരുടെ നേട്ടത്തിലും സന്തോഷത്തിലും ആനന്ദം കണ്ടെത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്കവും കഠിനാധ്വാനവും കൊണ്ട് വലിയ നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. അറിവിന് നേരെയുള്ള വാതിലുകൾ എല്ലായ്പ്പോഴും തുറന്നിടണം. നേടിയെടുക്കുന്ന അറിവുകൾ മറ്റുള്ളവർക്കും സമൂഹത്തിന്റെ മഹത്വത്തിനും വേണ്ടി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിവിധ സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽനിന്ന് തെരഞ്ഞെടുത്ത സ്കൗട്ട് ആന്റ് ഗൈഡ് ടീമിന് രാജപുരസ്കാർ അവാർഡ് വിതരണം ചെയ്തു. ഹിന്ദുസ്ഥാൻ സ്കൗട്ട് ആന്റ് ഗൈഡ് കേരള വൈസ് പ്രസിഡന്റും ആദിശങ്കര ട്രസ്റ്റ് ചെയർമാനുമായ കെ. ആനന്ദ്, ഹിന്ദുസ്ഥാൻ സ്കൗട്ട് ആന്റ് ഗൈഡ് സംസ്ഥാന സെക്രട്ടറി എം.ജൗഹർ, സംസ്ഥാന ചീഫ് കമ്മീഷണർ എം. അബ്ദുൾ നാസർ, സംസ്ഥാന ട്രഷററും ശ്രീ ശാരദ വിദ്യാലയം പ്രിൻസിപ്പളുമായ ഡോ. ദീപ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.