കേരളം ലോക മലയാളിയുടെ അഭിമാനം- മുഖ്യമന്ത്രി

ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന നിലയിലേക്ക് കേരളം വളരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  സർക്കാർ കൊണ്ടുവരുന്ന വികസന പദ്ധതികൾ നാടിന്റെ സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക മേഖലകളിൽ അഭൂതപൂർവമായ മാറ്റമുണ്ടാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ ടൈംസ്‌
സ്‌ക്വയറിൽ നടന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തോടുള്ള കരുതലും കാലത്തിനനുസൃതമായി കേരളം മുന്നേറണമെന്ന അഭിവാഞ്ചയുമുള്ളവരാണ് ലോകമാകെയുള്ള മലയാളി പ്രവാസി സഹോദരങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണനിർവഹണത്തിലൂടെ എല്ലാ മേഖലകളിലും മുന്നേറ്റം നടത്തിയ ഏഴു വർഷങ്ങളാണു കടന്നുപോകുന്നത്. ഏഴു വർഷത്തിനു മുമ്പ് കേരളത്തിലെത്തിയ പ്രവാസി സഹോദരങ്ങൾ ഇപ്പോൾ കേരളത്തിലെത്തുമ്പോൾ കാണുന്ന കാഴ്ച ഏറെ സന്തോഷവും അഭിമാനവും പകരുന്നതാണ്.

വലിയ നിരാശയുടെ കാലമായിരുന്നു 2016 ന് മുമ്പ് കേരളത്തിൽ. ഇവിടെ ഒന്നും നടക്കില്ലെന്ന ചിന്തയായിരുന്നു എല്ലാവരിലും. ദേശീയ പാതവികസത്തിനായി എത്തിയ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻ.എച്ച്.എ.ഐ) ഓഫീസ്‌ പൂട്ടി മടങ്ങേണ്ടിവന്നു. സ്ഥലമേറ്റെടുപ്പ് സ്തംഭിച്ചതായിരുന്നു കാരണം. ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയിലും ഇതുതന്നെ സംഭവിച്ചു. ഇടമൺ – കൊച്ചി പവർ ഹൈവേ പദ്ധതിക്കെത്തിയ നാഷണൽ പവർ ഗ്രിഡ് കോർപ്പറേഷനും ഓഫീസ്‌
പൂട്ടി സ്ഥലം വിടേണ്ടിവന്നു.

2016 ന് ശേഷമെത്തിയ സർക്കാർ ഇക്കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നത് വസ്തുതയാണ്. ദേശീയപാതാ വികസനം യാഥാർഥ്യമാകുന്നു. ഗെയിൽ പൈപ്പ് ലൈനിലൂടെ ഇന്ന് വാതകം പ്രവഹിക്കുകയാണ്. ഇടമൺ – കൊച്ചി പവർ ഹൈവേയിലൂടെ വൈദ്യുതിയും ഒഴുകുന്നു. 2016നു മുമ്പുണ്ടായിരുന്ന അവസ്ഥ മാറി മലയാളികളായ എല്ലാവരുടേയും മനസിൽ പ്രതീക്ഷയും പ്രത്യാശയും വന്നിരിക്കുന്നു.

തെരഞ്ഞെടുപ്പു സമയത്ത് ജനങ്ങൾക്കു മുന്നിൽവയ്ക്കുന്ന വാഗ്ദാനങ്ങൾ അപ്പോൾത്തന്നെ മറന്നുകളയുകയാണ് മറ്റു പലരും ചെയ്യുന്നത്. എന്നാൽ കേരളത്തിലെ സർക്കാർ തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽപറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കി. 600 വാഗ്ദാനങ്ങളായിരുന്നു പ്രകടനപത്രികയിലുണ്ടായിരുന്നത്. അതിൽ 580ഉം നടപ്പാക്കി. 2018ലെ മഹാ പ്രളയവും 2019ലെ അതിരൂക്ഷ കാലവർഷക്കെടുതിയും നാട് നേരിടേണ്ടിവന്നു. കേരളത്തെ നെഞ്ചേറ്റിയ രാഷ്ട്രങ്ങൾപോലും ഈ പ്രതിസന്ധി നാം എങ്ങനെ മറികടക്കുമെന്നു ചിന്തിക്കുന്ന സ്ഥിതിയുണ്ടായി.

രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അഴിമതി തീരെയില്ലാത്ത സംസ്ഥാനമെന്ന പേരു നേടാനുള്ള ശ്രമത്തിലാണ് നാം ഇപ്പോൾ. അതിന് ഏറെ സഹായകമായ ഒന്നാകും ഇ-ഗവേണൻസ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ഇന്റർനെറ്റ് പൗരന്റെ അവകാശമായി കേരളം പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം മുൻനിർത്തിയാണു കെ-ഫോൺ നടപ്പാക്കിയത്. പബ്ലിക് ഓഫിസുകളിലും വീടുകളിലും ഇന്റർനെറ്റ് ലഭ്യമാക്കുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഇതിനു പുറമേ 2,000 പബ്ലിക് വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ചു. 2000 ഹോട്ട് സ്പോട്ടുകൾകൂടി ഉടൻ സ്ഥാപിക്കും.

കഴിഞ്ഞ ഏഴു വർഷംകൊണ്ട്, ഭവനരഹിതരായ 3.7 ലക്ഷം പേർക്കു സ്വന്തമായി വീടു നൽകി. ഭൂരഹിതരായ മൂന്നു ലക്ഷം പേർക്കു പട്ടയം നൽകി. 3.5 ലക്ഷം കുടുബങ്ങൾക്കു മുൻഗണനാ റേഷൻ കാർഡ് നൽകി. അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു.

കേരളം മുന്നേറണമെന്ന പ്രവാസി സഹോദരങ്ങളുടെ അതിയായ ആഗ്രഹത്തിന്റെ പ്രകടനമാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളിൽ കണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കയിൽ സംഘടിപ്പിച്ച മേഖലാ സമ്മേളനം വിജയകരമായിരുന്നു. എല്ലാവർക്കും ആവേശവും ശുഭപ്രതീക്ഷയും പകരുംവിധത്തിലാണു സമ്മേളനം നടന്നത്. മേഖലാ സമ്മേളനം വിജയിപ്പിച്ചതിൽ നാട് അങ്ങേയറ്റം സന്തോഷിക്കുന്നതായും അക്കാര്യം നാടിനുവേണ്ടി പങ്കുവയ്ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *