കോട്ടയത്ത് റബ്ബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്റര്‍
റബ്ബര്‍ ഉത്പന്ന നിര്‍മാണമേഖലയില്‍ നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സംരംഭകരെ സഹായിക്കുന്നതിനും നൂതന ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുമായി റബ്ബര്‍ബോര്‍ഡ് കോട്ടയത്തുള്ള റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ റബ്ബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്റര്‍ (ആര്‍പിഐസി) പ്രവര്‍ത്തനം തുടങ്ങി. റബ്ബര്‍ബോര്‍ഡ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. കെ.എന്‍. രാഘവന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നാലായിരത്തിലധികം രജിസ്ട്രേഡ് യൂണിറ്റുകളുള്ളതും കയറ്റുമതിയിലൂടെ 11700 കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്നതുമായ ടയറിതര ഉത്പന്നനിര്മ്മാണമേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സെന്റര്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് ഡോ. രാഘവന് പറഞ്ഞു. റബ്ബറുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും ആവിഷ്കാരം നല്‍കുകയും അവയെ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ പ്രകൃതിദത്തറബ്ബറിന്റെ ഉപയോഗവും ഉപഭോഗവും വര്‍ദ്ധിപ്പിക്കാനും പ്ലാസ്റ്റിക്കിനു പകരം നില്ക്കാന് കഴിയുന്ന വസ്തുവായി പ്രകൃതിദത്ത റബ്ബറിനെ മറ്റാനും ആര്‍പിഐസി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റബ്ബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്റര്‍ പുതിയ ആശയങ്ങളുടെയും സങ്കല്പങ്ങളുടെയും കേന്ദ്രമായി മാറുമെന്നും പുതുതലമുറയിലെ കര്‍ഷകര്‍ അവരുടെ ആശയങ്ങളെ സെന്ററിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് മെച്ചപ്പെട്ട ഉത്പന്നങ്ങളായി രൂപാന്തരപ്പെടുത്തുമെന്നും റബ്ബര്‍ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ് പറഞ്ഞു. സിബി സെബാസ്റ്റ്യന്‍, സുധീന്ദ്രന്‍ എന്നിവരും സംസാരിച്ചു. ടയറിതരമേഖലയിലെ ഉത്പന്നനിര്‍മ്മാതാക്കള്‍ കൂടുതലും എംഎസ്എംഇ മേഖലയില്‍ പെടുന്നവരാണ്. ഇവരില്‍ പലര്‍ക്കും ആധുനികവൈദഗ്ധ്യവും സ്വന്തമായി ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യവുമില്ല. ഇത് കാലോചിതമായ നവീകരണത്തിനും സാങ്കേതികമായ ഉന്നതിക്കും തടസ്സമാകുന്നു. ഇതിനൊരു പരിഹാരമാണ് ആര്‍പിഐസി കൊണ്ട് ഉദ്ദേശിക്കുന്നത്. സംരംഭകരുടെ നൂതനാശയങ്ങള്‍, സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ഗുണനിലവാരമുള്ള റബ്ബ
റുത്പ്പന്നങ്ങളായി മാറ്റുന്നതിനുള്ള ഒരു കേന്ദ്രമായി ആര്‍പിഐസി പ്രവര്‍ത്തിക്കും.
ആര്‍പിഐസി യു-മായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും സംരംഭകരെ ഉത്പന്നങ്ങളുടെ വികസനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സഹായിക്കും. വിവിധതരം ഉപകരണങ്ങളും മെഷീനുകളും കൈകാര്യം ചെയ്യുന്നതിനുള്ള പരിചയവും ഇവിടെനിന്നു ലഭിക്കും. റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആര്‍ആര്‍ഐഐ) യിലെ ലൈബ്രറിയില്‍
ലഭ്യമായ പുസ്തകങ്ങളും ജേണലുകളും സംരംഭകര്‍ക്ക് ഉപയോഗപ്പെടുത്താം. റബ്ബര്‍കൃഷി, സംസ്കരണം, ഉത്പന്നവികസനം, ഉത്പന്നങ്ങളുടെ പുനരുപയോഗം, മലിനീകരണനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിലുള്ള പുതിയ
ആശയങ്ങളാണ് പരിഗണിക്കപ്പെടുക. റബ്ബറുത്പന്ന നിര്‍മാണ മേഖലയെ സുശക്തവും ഊര്‍ജ്ജ്വസ്വലവുമാക്കുകയും
സ്വാഭാവിക റബ്ബറുത്പാദകരായ കര്‍ഷകരുമായി ചേര്‍ന്നുനിന്നുകൊണ്ട് മേഖലയിലെ ഓരോ കണ്ണിക്കും ശക്തി പകരുകയും ചെയ്യുകയെന്നതുമാണ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെ ലക്ഷ്യം. ആര്‍ആര്‍ഐഐ കാമ്പസിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ റബ്ബര്‍ ടെക്നോളജി കോംപ്ലക്സിന്റെ താഴത്തെ
നിലയിലാണ് ആര്‍പിഐസി പ്രവര്‍ത്തിക്കുന്നത്.