എല്ലാ വീടുകളിലും എത്രയും വേഗം ഇന്റർനെറ്റ് – മുഖ്യമന്ത്രി

കെ ഫോൺ നാടിനു സമർപ്പിച്ചു

മറ്റു സർവീസ് പ്രൊവൈഡർമാരെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക്

നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഒരേ സ്പീഡ്

കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും എത്രയും വേഗം ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയും ഇന്റർനെറ്റ് സേവനങ്ങളും ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലായിടത്തും ഉടൻ കണക്റ്റിവിറ്റി ഉറപ്പാക്കി ആരും പിന്തള്ളപ്പെട്ടു പോകാതെ എല്ലാവരും കെ ഫോൺ എന്ന റിയൽ കേരള സ്റ്റോറിയുടെ ഭാഗമാകുന്നുവെന്ന് ഉറപ്പുവരുത്തുകയാണ്‌ സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് – കെ ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘അങ്ങനെ അതും നമ്മൾ നേടിയിരിക്കുന്നു’ എന്നു പറഞ്ഞാണ്‌
മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ്‌ കേരളമെന്നും അതു കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനാണ്‌
കെ ഫോൺ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മറ്റു സർവീസ് പ്രൊവൈഡർമാർ നൽകുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാവും കെ ഫോൺ സേവനങ്ങൾ ലഭ്യമാക്കുക. കേരളത്തിലാകമാനം നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഉയർന്ന സ്പീഡിലും ഒരേ ഗുണനിലവാരത്തോടുകൂടിയും കെ ഫോൺ സേവനങ്ങൾ ലഭ്യമാക്കും. നിലവിൽ 17,412 സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോൺ ലഭ്യമാക്കിക്കഴിഞ്ഞു. 9,000 ത്തിലധികം വീടുകളിൽ കണക്ഷൻ നൽകാനുള്ള കേബിൾ വലിച്ചിട്ടുണ്ട്. 2,105 വീടുകൾക്കു കണക്ഷൻ നൽകിക്കഴിഞ്ഞു- മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരുമായി മുഖ്യമന്ത്രി കെ ഫോൺ മുഖേന ഓൺലൈനായി സംസാരിച്ചു. നിലമ്പൂരിലെ നഴ്സിങ് വിദ്യാർഥിനി വിസ്മയ, വയനാട് പന്തലാടിക്കുന്ന് സെറ്റിൽമെന്റ് നിവാസികൾ, തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗവൺമെന്റ് എൽ.പി. സ്‌കൂൾ വിദ്യാർഥികളും അധ്യാപകരും, കോട്ടയം എരുമേലി കൂവപ്പള്ളി വില്ലേജ് ഓഫിസ് ജീവനക്കാർ എന്നിവരോടാണ്‌ മുഖ്യമന്ത്രി സംവദിച്ചത്.

ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെഫോണിന്റെ കൊമേഴ്സ്യൽ വെബ്പേജ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്തു. കെ ഫോൺ ആപ്പ് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷും കെ ഫോൺ മോഡം(ഒ.എൻ.ടി) വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയും പുറത്തിറക്കി. പൊതുവിദ്യാഭ്യാസ, മന്ത്രി വി. ശിവൻകുട്ടി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽകർ, കെ ഫോൺ എം.ഡി. ഡോ. സന്തോഷ് ബാബു, കൗൺസിലർ മേരി പുഷ്പം, കേന്ദ്ര ടെലികമ്യൂണിക്കേഷൻ മന്ത്രാലയം ഡി.ഡി.ജി. ശോഭന, ഇ.ഡി.ബി.എൽ. ശങ്കര സുബ്രഹ്‌മണ്യം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *