പൂർവ്വേഷ്യയിലേക്ക് കൂടുതൽ വിമാന സർവീസുകളുമായി സിയാൽ 

ആഗസ്റ്റ് 12  മുതൽ വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള സർവീസ് 

കൊച്ചി വിമാനത്താവളത്തിൽ നിന്ന്  പൂർവ്വേഷ്യയിലേക്ക് 45  പ്രതിവാര വിമാന സർവീസുകൾ 

പൂർവ്വേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) വർദ്ധിപ്പിച്ചു. വിയറ്റ്നാമിലെ  ഹോചിമിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നതോടെ പൂർവ്വേഷ്യയിലേക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 45  പ്രതിവാര വിമാന സർവീസുകളാവും.

തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ  വിയറ്റ്ജെറ്റ്  ആണ്  ഹോചിമിൻ സിറ്റിയിലേക്ക് പുതിയ  സർവീസ് ആരംഭിക്കുന്നത്. കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യത്തെ  വിമാന സർവീസാണിത്. സിയാലിന്റെയും   രാജ്യത്തിന്റെ ടൂറിസം വ്യവസായത്തിന്റെയും വികസനത്തിന് ഈ പുതിയ സേവനം സുപ്രധാന നാഴികക്കല്ലാകും.

നിലവിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂർ, ക്വാലാലംപൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾക്ക് പുറമെയാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.  സിംഗപ്പൂരിലേക്ക് രണ്ട്  പ്രതിദിന വിമാന സർവീസുകളാണ് ഉള്ളത്. ആഴ്ചയിൽ ആറ് ദിവസം ബാങ്കോക്കിലേക്ക് ഒരു  വിമാന സർവീസും  ക്വാലാലംപൂരിലേക്ക് മൂന്ന് പ്രതിദിന സർവീസുകളുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇപ്പോൾ പ്രവർത്തിക്കുന്നത്.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് പൂർവ്വേഷ്യൻ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ വർധിപ്പിക്കുന്നതിൽ  അതിയായ സന്തോഷമുണ്ടെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ  എസ്.സുഹാസ് പറഞ്ഞു. കേരളത്തിനും വിയറ്റ്‌നാമിനുമിടയിൽ നേരിട്ടുള്ള പുതിയ എയർ റൂട്ട് ആരംഭിക്കുന്നത്  ടൂറിസം വ്യവസായത്തെ വലിയ രീതിയിൽ സഹായിക്കുമെന്ന് ഉറപ്പുണ്ട്. സാമ്പത്തിക വളർച്ചയ്ക്കും സാംസ്കാരിക വിനിമയത്തിനും പുതിയ അവസരങ്ങൾ  സൃഷ്ടിക്കാൻ ഈ സേവനങ്ങൾ  സിയാലിന്  സഹായകമാവും – സുഹാസ് പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 89.82 ലക്ഷം യാത്രക്കാരുണ്ടായിരുന്നു.. നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലേറെ യാത്രക്കാരെയാണ് സിയാൽ പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനത്താണ് കൊച്ചി വിമാനത്താവളം.

Leave a Reply

Your email address will not be published. Required fields are marked *