മൂവായിരം പുതിയ കുളങ്ങളിൽ ഇത്തവണ മഴവെള്ള സംഭരണം
കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നിർമ്മിച്ച രണ്ടായിരം കുളങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി. പാലക്കാട് എരിമയൂര്‍ ഗ്രാമ പഞ്ചായത്തിലെ പെരിഞ്ചാറോഡ് ജനാര്ദ്ദനന് കുളം നാടിന് സമർപ്പിച്ച് മന്ത്രി എം.ബി.രാജേഷാണ് ഉദ്ഘാടനം നിർവഹിച്ചത്. 15 മീറ്റർ നീളവും 8 മീറ്റർ വീതിയും 2.5 മീറ്റര്‍ ആഴവുമുള്ള ഈ കുളം തൊഴിലുറപ്പ് തൊഴിലാളികളാണ് നിർമ്മിച്ചത്.
10 ലക്ഷം ക്യുബിക് മീറ്റർ വെള്ളം മൂവായിരം കുളങ്ങളിലായി കേരളത്തിന് ഈ മഴക്കാലത്ത് അധികമായി സംഭരിക്കാനാകുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇതിൽ രണ്ടായിരം കുളങ്ങൾ ഇപ്പോൾ പൂർത്തിയായിക്കഴിഞ്ഞു. ആദ്യത്തെ ആയിരം കുളങ്ങള്‍ മാർച്ച് 22 ന് ലോക ജലദിനത്തിൽ നാടിന് സമർപ്പിച്ചിരുന്നു. ഇനി ആയിരം കുളങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ പണി പൂർത്തിയാകും.
ഏറ്റവും ചുരുങ്ങിയത് 10 മീറ്റര്‍ നീളവും 10 മീറ്റർ വീതിയും മൂന്നു മീറ്റർ ആഴവുമാണ് തൊഴിലുറപ്പ് പദ്ധതിയിൽ പണി പൂർത്തിയാക്കുന്ന ഈ കുളങ്ങള്‍ക്കുള്ളത്. പലതും ഇതിനേക്കാള്‍ കൂടുതൽ വലുപ്പമുള്ളതുമാണ്. ചുരുങ്ങിയത് 300 ക്യുബിക് മീറ്റർ വെള്ളമെന്ന നിലയിൽ കണക്കാക്കിയാൽ പോലും 10 ലക്ഷം ക്യുബിക് മീറ്റർ സംഭരിക്കാനാകുമെന്ന് മന്ത്രി അറിയിച്ചു. ഇത് ജലസംരക്ഷണത്തിലും ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിലും നിർണായകമായൊരു ചുവടുവെപ്പാണ്.
കേരളത്തിൽ ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം ഒറ്റയടിക്ക് പെയ്യുന്ന മഴ മുഴുവൻ കുത്തിയൊഴുകി കടലിൽ ചെന്നുചേരുന്ന സ്ഥിതിയാണുള്ളത്. വെള്ളം ഭൂമിക്ക് അടിയിലേക്ക് താഴുന്ന വിധത്തിൽ സംഭരിക്കാൻ തടസ്സമാകുന്നു. ഇവിടെയാണ് കുളങ്ങളുടെ പ്രാധാന്യം. അത് കണക്കിലെടുത്താണ് ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ആയിരക്കണക്കിന് കുളങ്ങള്‍ നിർമ്മിക്കാൻ തീരുമാനിച്ചത്.