ഈ വർഷം ആയിരം കെ-സ്റ്റോറുകൾ തുടങ്ങും -മുഖ്യമന്ത്രി

പൊതുവിതരണ സമ്പ്രദായത്തെ സാമൂഹ്യനീതിയിൽ ഊന്നിക്കൊണ്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കെ – സ്റ്റോറുകളെന്നും ഈ സാമ്പത്തിക വർഷം ആയിരം കെ-സ്റ്റോറുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ -സ്റ്റോറിന്റെയും ഇ – പോസ് മെഷീനുകൾ ഇലക്ട്രോണിക് തുലാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് 108 കെ – സ്റ്റോറുകളാണ് ഈ രീതിയിൽ സജ്ജമായിരിക്കുന്നത്. ഈ സാമ്പത്തിക വർഷം 1000 കെ – സ്റ്റോറുകൾ ആരംഭിക്കും. സംസ്ഥാനത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന നയങ്ങൾ അത് ജനക്ഷേമത്തിൽ ഊന്നിയാണ്. അതിന്റെ തുടർച്ചയാണ് കെ – സ്റ്റോറുകളും. റേഷൻ കടകളെ വൈവിധ്യവത്കരിക്കുന്നതിന്റെ ആദ്യഘട്ടമാണിത്. ഘട്ടം ഘട്ടമായി മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി മാറ്റാനാണ് സർക്കാർ ഉദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷൻ വ്യാപാരികൾക്ക് അധിക വരുമാനവും ഉത്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷൻ വ്യാപാരികൾക്ക് അധിക വരുമാനവും ഈ പദ്ധതിയിലൂടെ ലഭ്യമാകും. നിലവിലെ റേഷൻ കടകളുടെ മുഖഛായ മാറ്റി സാധാരണക്കാരായ ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന വിധത്തിൽ കൂടുതൽ ഉൽപ്പന്നങ്ങളും സേവനങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തേക്കിൻകാട് മൈതാനിയിലെ എന്റെ കേരളം മെഗാ എക്സിബിഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായി. മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ ബിന്ദു,  കെ രാധാകൃഷ്ണൻ, മേയർ എം.കെ വർഗീസ് , പി ബാലചന്ദ്രൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി.  പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ. ഡി സജിത് ബാബു പദ്ധതി അവതരിപ്പിച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി പി.എം. അലി അസ്ഗർ പാഷ സ്വാഗതവും റേഷനിംഗ് കൺട്രോളർ കെ. മനോജ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *