മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിലെത്തി ടീമിനെ അഭിനന്ദിച്ചു

സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം. കോട്ടയം മെഡിക്കൽ കോളേജിലാണ് ഈ വിജയം. ആരോഗ്യ മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജിലെത്തി മുഴുവൻ ടീമിനേയും അഭിനന്ദിച്ചു. ഒപ്പം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ വയനാട് സ്വദേശി സുജാതയെ (52) മന്ത്രി നേരിൽ കണ്ട് സന്തോഷം പങ്കുവെച്ചു. ആരോഗ്യനില വീണ്ടെടുത്ത സുജാതയെ മന്ത്രിയും മെഡിക്കൽ കോളേജിലെ ടീം അംഗങ്ങളും ചേർന്ന് യാത്രയാക്കി.

ഇപ്പോഴത്തേതുൾപ്പെടെ കോട്ടയം മെഡിക്കൽ കോളേജിൽ നാല് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകകളാണ് വിജയിച്ചത്. ഏപ്രിൽ 25നാണ് സുജാതയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം പേർക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥിന്റെ (23) കരളാണ് മസ്തിഷ്‌ക മരണത്തെ തുടർന്ന് സുജാതയ്ക്ക് നൽകിയത്. സുജാതയുൾപ്പെടെ ഏഴു പേരുടെ ജീവിതത്തിലാണ് കൈലാസ് നാഥ് പ്രതീക്ഷയേകിയത്.

കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, സൂപ്രണ്ട് ഡോ. ജയകുമാർ, സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധു എന്നിവരുടെ നേതൃത്വത്തിൽ സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. ടി.വി. മുരളി, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ഷീല വർഗീസ്, റേഡിയോളജി വിഭാഗം മേധാവി ഡോ. സജിത, മെഡിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. സന്ദേശ്, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. രതീഷ് കുമാർ, സർജറി വിഭാഗം ഡോ. സന്തോഷ് കുമാർ എന്നിവർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *