അവകാശ ഓഹരി പദ്ധതി: സിയാലിന് ലഭിച്ചത് 478 കോടി രൂപ
അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വിഭവ സമാഹരണത്തിന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) നടപ്പിലാക്കിയ അവകാശ ഓഹരി പദ്ധതി വൻ വിജയമായി. ഒരുമാസത്തെ പദ്ധതി കാലാവധി അവസാനിച്ചപ്പോൾ നിലവിലെ നിക്ഷേപകർക്ക് നിയമാനുസൃത അവകാശ ഓഹരി നൽകിയതിലൂടെ സിയാലിന് ലഭിച്ചത് 478.21 കോടി രൂപ. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി ധനസമാഹരണ പദ്ധതികളിലൊന്നാണിത്.
ഇരുപത്തിയഞ്ച് രാജ്യങ്ങളിൽ നിന്നായി 22,000-ൽ അധികം പേരാണ് സിയാലിന്റെ നിക്ഷേപകരായുള്ളത്. മൊത്തം ഓഹരികൾ 38 കോടി. ഒരു ഓഹരിയുടെ അടിസ്ഥാന മൂല്യം 10 രൂപ. പൊതുവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സിയാലിന് അധികവിഭവ സമാഹരണത്തിനായി കമ്പനി നിയമം 62(1) സെക് ഷൻ പ്രകാരം അവകാശ ഓഹരി നൽകാം. നിലവിലുള്ള അർഹരായ ഓഹരിയുടമകളിൽ നിന്നാണ് അവകാശ ഓഹരി വഴി ധനമസാഹണം നടത്തുന്നത്.
നാല് ഓഹരിയുള്ളവർക്ക് ഒരു അധിക ഓഹരി എന്ന അനുപാതത്തിലാണ് ഇത്തവണ അവകാശ ഓഹരി പദ്ധതി നടപ്പിലാക്കിയത്. 50 രൂപയാണ് അവകാശ ഓഹരിയുടെ വില നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രി ചെയർമാനായ സിയാലിന്റെ മാനേജ്‌മെന്റ് നിലവിൽ നടപ്പിലാക്കിവരുന്നതും ഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ വികസന പദ്ധതികളിൽ നിക്ഷേപകർ വൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെ ഭൂരിഭാഗം ഓഹരിയുടമകളും അവകാശ ഓഹരിയ്ക്കായി അപേക്ഷ സമർപ്പിക്കുകയും പണം നൽകുകയും ചെയ്തു.
സംസ്ഥാന സർക്കാരാണ് സിയാലിന്റെ ഏറ്റവും വലിയ നിക്ഷേപകർ. 32.42 ശതമാനം ഓഹരിയാണ് സിയാലിൽ സംസ്ഥാന സർക്കാരിനുള്ളത്. പുതിയ അവകാശ ഓഹരി പദ്ധതിയിൽ സർക്കാർ 178.09 കോടി രൂപ മുടക്കുകയും 3.56 കോടി ഓഹരികൾ അധികമായി നേടുകയും ചെയ്തു. ഇതോടെ സർക്കാരിന്റെ മൊത്തം ഓഹരി 33.38 ശതമാനമായി ഉയർന്നു.അവകാശ ഓഹര പദ്ധതിയുടെ കാലാവധി അവസാനിച്ചപ്പോൾ
നിക്ഷേപകരിൽ നിന്ന് മൊത്തം 564 കോടി രൂപ സിയാലിന് ലഭിച്ചു.
ഇതിൽ നിയമാനുസൃതമായി സമാഹരിക്കാൻ സാധിക്കുന്നത് 478.21 കോടി രൂപയായിരുന്നു. ബാക്കിയുള്ള 86 കോടി രൂപ ഓഹരിയുടമകൾക്ക് തിരികെ നൽകി. ഡി മാറ്റ് അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ അവകാശ ഓഹരികൾക്ക് അർഹതയുള്ളൂ എന്നതിനാൽ 10.79 ശതമാനം ഓഹരികൾ ‘ അൺ സബ്‌സ്‌ക്രൈബ്ഡ് ‘ വിഭാഗത്തിലായി. നേരത്തേ തന്നെ പ്രഖ്യാപിച്ച വ്യവസ്ഥയനുസരിച്ച് ഇത്തരം ഓഹരികൾ, നിലവിലുള്ള അർഹരായ ഓഹരിയുടമകൾക്ക് (അവരുടെ കൈവശമുള്ള ഓഹരിയുടെ അനുപാതം അനുസരിച്ച്) വീണ്ടും വീതിച്ചു നൽകി.
ഇതിനായി സംസ്ഥാന സർക്കാർ 23 കോടി രൂപ അധികമായി നൽകി (ഈ തുകയും ചേർത്താണ് നേരത്തേ സൂചിപ്പിച്ച 178.09 കോടി രൂപ). കമ്പനി നിയമപ്രകാരം എല്ലാ ഓഹരികളും ഡിമെറ്റീരിയലൈസ് ചെയ്യണമെന്നുള്ള അറിയിപ്പ് 2019 മുതൽ തന്നെ നിക്ഷേപകരെ സിയാൽ അറിയിച്ചുവന്നിരുന്നു. മുഴുവൻ നിക്ഷേപകരേയും നിരവധി തവണ ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അവകാശ ഓഹരിക്ക് ലഭ്യമാക്കിയതോടെ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള സിയാലിന്റെ എല്ലാ നിക്ഷേപകരുടേയും ഓഹരികളുടെ എണ്ണവും ശതമാനവും ആനുപാതികമായി വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ സിയാൽ മൂന്ന് വൻകിട പദ്ധതികൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പയ്യന്നൂർ, അരിപ്പാറ വൈദ്യുത പദ്ധതികളും ബിസിനസ് ജെറ്റ് ടെർമിനലുമാണ് ഇവ. ഉടൻതന്നെ നടപ്പിലാക്കുന്ന മറ്റ് പദ്ധതികൾക്കായി അവകാശ ഓഹരി ഫണ്ട് വിനിയോഗിക്കുമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. തുടർ വർഷങ്ങളിൽ അഞ്ച് ബൃഹദ് പദ്ധതികളാണ് സിയാലിന് മുന്നിലുള്ളത്.
രാജ്യാന്ത ടെർമിനൽ ടി-3 യുടെ വികസനമാണ് അതിൽ പ്രധാനം. എക്‌സപോർട്ട് കാർഗോ ടെർമിനൽ, ട്രാൻസിറ്റ് ടെർമിനൽ തുടങ്ങിയ പദ്ധതികളും നടപ്പിലാക്കേണ്ടതുണ്ട്. കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയും ഡയറക്ടർ ബോർഡും ഈ പദ്ധതികൾക്കായുള്ള വ്യക്തമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട് – സുഹാസ് പറഞ്ഞു. അവകാശ ഓഹരികളെല്ലാം മുഴുവൻ ഓഹരിയുടമകളുടേയും ഡി മാറ്റ് അക്കൗണ്ടിലേയ്ക്ക് മെയ് അഞ്ചോടെ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് സുഹാസ് അറിയിച്ചു.