ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
വിവേകാനന്ദന്‍ ഭ്രാന്താലയമാണെന്ന് വിശേഷിപ്പിച്ച നാടിനെ മനുഷ്യാലയമാക്കുന്നതില്‍ ശ്രീനാരായണഗുരു വഹിച്ച പങ്ക് നിസ്തുലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം നിര്‍മിച്ച ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീനാരായണ ഗുരുവിന്റെ പ്രസക്തി ലോകം മനസിലാക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി ഇതിനായി ഗുരു നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് താരതമ്യമില്ലാത്തതാണ്. എല്ലാ സംസ്‌കാരങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മണ്ണാണ് കൊല്ലത്തിന്റെത്. കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ അധിനിവേശ വിരുദ്ധ സമരങ്ങളില്‍ കൊല്ലം നടത്തിയ പോരാട്ടങ്ങള്‍ ഇന്ത്യന്‍ ചരിത്രരചനയില്‍ നിന്നും ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും ഇത്രയേറെ സാംസ്‌കാരിക ചരിത്രമുള്ള മണ്ണിലാണ് ശ്രീനാരായണഗുരുവിനെ പേരിലുള്ള സാംസ്‌കാരിക നിലയം പ്രവര്‍ത്തനമാരംഭിക്കുന്നതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
മന്ത്രിമ സജി ചെറിയാന്‍ അധ്യക്ഷനായി. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍. ജെ. ചിഞ്ചുറാണി എന്നിവർ സംസാരിച്ചു.
എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ എന്നിവര്‍ മുഖ്യാതിഥികളായി. എന്‍.കെ. പ്രേമചന്ദ്രന്‍ എം. പി, മേയര്‍ പ്രസന്ന ഏണസ്റ്റ്, കെ. എസ്. എഫ്. ഡി. സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
എം. എല്‍. എമാരായ എം. മുകേഷ്, എം. നൗഷാദ്, പി.എസ്. സുപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപന്‍, ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വിണ്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന്‍, സെക്രട്ടറി മിനി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
സാംസ്‌കാരിക വകുപ്പ് കിഫ്ബിയുടെ മൂന്നര ഏക്കര്‍ ഭൂമിയില്‍ 56.91 കോടി രൂപ ചെവിലാണ് സാംസ്‌കാരിക സമുച്ചയം നിര്‍മിച്ചത്. ഒരു ലക്ഷം അടിയോളം വിസ്തീര്‍ണത്തില്‍ ആധുനിക ലൈറ്റിങ് സൗണ്ട് പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ അടങ്ങിയ എ.വി തീയേറ്റര്‍, ബ്ലാക്ക് ബോക്‌സ് തീയറ്റര്‍, ഇന്‍ഡോര്‍ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍ എന്നിവയ്ക്ക് പുറമെ ഡിജിറ്റല്‍ രൂപത്തിലുള്ള ലൈബ്രറി, ആര്‍ട്ട് ഗ്യാലറി, ക്ലാസ് മുറികള്‍, ശില്പശാലകള്‍ക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.