സാധാരണക്കാർക്ക് കൈത്താങ്ങായി കെൽട്രോണിൻ്റെ ‘ശ്രവൺ’
കേൾവിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുള്ള ആളുകൾക്ക് കൈത്താങ്ങാണിന്ന് കേരളത്തിന്റെ ‘ശ്രവൺ’. സാധാരണക്കാർക്കടക്കം ചുരുങ്ങിയ ചെലവിൽ ലഭ്യമാകുന്ന മെഡിക്കൽ ഉൽപ്പന്നമായ ഇത് കെൽട്രോൺ ആണ് വികസിപ്പിച്ചത്.
സി-ഡാക് സാങ്കേതികവിദ്യ ഉപയോഗിച്ച് കോഴിക്കോടുള്ള മൂടാടി യൂണിറ്റിൽ നിന്നും ശ്രവൺ ഡിജിറ്റൽ ഹിയറിങ് എയ്ഡ് നിർമ്മാണത്തിലൂടെയാണ് കെൽട്രോൺ മെഡിക്കൽ ഇലക്ട്രോണിക്സ് മേഖലയിൽ തുടക്കം കുറിച്ചത്. ശ്രവണ സഹായികളുടെ നിർമ്മാണത്തിന് ആവശ്യമായ എസ്.എം.ടി, ഓഡിയോ അനലൈസർ തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഇപ്പോൾ മൂടാടി യൂണിറ്റിലുണ്ട്.
‘ശ്രവൺ’ ഒരു ഡിജിറ്റൽ പ്രോഗ്രാമബിൾ ഹിയറിങ് എയ്ഡ് ആയതുകൊണ്ടുതന്നെ, കേൾവിസഹായി ആവശ്യമുള്ള ഓരോ വ്യക്തിയുടെയും കേൾവി ഒരു ഓഡിയോളജിസ്റ്റ് പ്രത്യേകം പരിശോധിച്ച് ഓഡിയോഗ്രാം എടുത്ത്അ തനുസരിച്ച് ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ പ്രത്യേകം പ്രോഗ്രാം ചെയ്തു നല്‍കുകയാണ്.
കൂടാതെ ഇതൊരു 64-ബാൻഡ്, 10ചാനൽ ഹിയറിംഗ് എയ്ഡ് ആയതുകൊണ്ടുതന്നെ ഉപഭോക്താവിന് ഏറെ തെളിമയോടെ കേൾവി സാധ്യമാകുകയും ചെയ്യുന്നു. മറ്റു പ്രൈവറ്റ് കമ്പനികളുടെ ശ്രവണ സഹായികളുമായി താരതമ്യം ചെയുമ്പോൾ വളരെക്കുറഞ്ഞ വിലയ്ക്കാണ് ശ്രവൺ ലഭ്യമാകുന്നത്. ഒപ്പം കസ്റ്റമർ സപ്പോർട്ടിലൂടെ വിൽപ്പനാനന്തര സേവനങ്ങളും കെൽട്രോൺ ഉറപ്പുവരുത്തുന്നു.
2022-23 സാമ്പത്തിക വർഷം മാത്രം 8000ത്തിൽ പരം ശ്രവണസഹായികൾ കെൽട്രോൺ വിൽപന നടത്തിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. ശ്രവൺ ഡിജിറ്റൽ പ്രോഗ്രാമബിൾ ഹിയറിങ് ഏയ്ഡിന്റെ വലിപ്പം കുറഞ്ഞ പതിപ്പായ മിനി ഹിയറിങ് എയ്ഡുകളും ഇപ്പോൾ കെൽട്രോണിൽ നിർമ്മിക്കുന്നുണ്ട്.