എം.പി.പരമേശ്വരന് പ്രഥമ കേരളശ്രീ പുരസ്‌ക്കാരം സമ്മാനിച്ചു
ശാസ്ത്രജ്ഞനും വൈജ്ഞാനിക സാഹിത്യകാരനുമായ എം.പി.പരമേശ്വരനെ പ്രഥമ കേരളശ്രീ പുരസ്‌ക്കാരം നൽകി ആദരിച്ചു. സംസ്ഥാനത്തെ പരമോന്നത പുരസ്‌ക്കാരങ്ങളിൽ ഒന്നായ കേരളശ്രീ പുരസ്‌ക്കാരം എം.പി.പരമേശ്വരന്റെ തൃശ്ശൂർ കോട്ടപ്പുറം റോഡിലെ വീട്ടിലെത്തി ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ യാണ് സമ്മാനിച്ചത്.
കഴിഞ്ഞ മാർച്ചിൽ രാജ് ഭവനിൽ നടന്ന ചടങ്ങിൽ അനാരോഗ്യം മൂലം പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് കളക്ടർ പുരസ്‌ക്കാരം വീട്ടിലെത്തി സമ്മാനിച്ചത്. സാംസ്കാരിക കേരളത്തിൽ ശാസ്ത്ര അവബോധം രൂപപ്പെടുത്തിയ ശാസ്ത്ര സാംസ്കാരിക പ്രവർത്തകനാണ് എം.പി.പരമേശ്വരൻ. മലയാളിയുടെ യുക്തിശാസ്ത്ര ബോധത്തെ പുതിയ കാലത്തിനനുസരിച്ച് മാറ്റിയെടുത്ത ശാസ്ത്രജ്ഞൻ കൂടിയായ പരമേശ്വരൻ ജനങ്ങളിൽ ശാസ്ത്രബോധം വളർത്തിയെടുക്കുന്നതിൽ വലിയ സംഭാവനയാണ് നൽകിയത്.
കേരളത്തിൽ ഉടനീളം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ സജീവമാക്കിയതിൽ എം.പി.പരമേശ്വരന്റെ പങ്ക് വലുതാണ്. തൃശ്ശൂർ ജില്ലയിലെ കിരാലൂർ ഗ്രാമത്തിൽ 1935 ജനുവരി 18 ന് ആണ് ജനനം. തൃശ്ശൂർ നമ്പൂതിരി വിദ്യാലയത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സി. എം. എസ്. ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായി പഠനം നടത്തി. തുടർന്ന് തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദം, മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച്. ഡി എന്നിവയും കരസ്ഥമാക്കി.
1957 മുതൽ 1975 വരെ ബാർക്കിൽ ശാസ്ത്രജ്ഞനായിരുന്നു. പിന്നീട് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനായി. മലയാളത്തിലും ഇംഗ്ലീഷിലുമായി അൻപതിലേറെ ഗ്രന്ഥങ്ങൾ, വിവർത്തനങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. എ.കെ.ജിയുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ഡോക്യുമെന്ററിയിൽ ഇ.എം.എസായി വേഷമിടുകയും ചെയ്തു.
2017 ൽ കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം,1984 ൽ ബാലസാഹിത്യ പുരസ്‌ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. എം.പി.പരമേശ്വരന്റെ ഭാര്യ ഭവാനി പരമേശ്വരനും ചടങ്ങിൽ സന്നിഹിതയായി. ഡോ. സത്യഭാമാദാസ് ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, വൈക്കം വിജയലക്ഷ്മി എന്നിവരാണ് 2022 ലെ പ്രഥമ കേരളശ്രീ പുരസ്‌ക്കാരത്തിന് അർഹരായ മറ്റുള്ളവർ.