തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ സൗരോർജ്ജ പ്ലാന്റുകൾ ഈ വർഷം

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ഈ വർഷം തന്നെ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രികളെ സംബന്ധിച്ച് ഏറ്റവും വലിയ ചെലവുകളിൽ ഒന്ന് വൈദ്യുതി ചാർജാണ്. വൈദ്യുതി ചാർജ് കുറയ്ക്കാനും ഹരിതചട്ടത്തിലേക്ക് ആശുപത്രികളെ മാറ്റാനുമുദ്ദേശിച്ചാണ് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 10 സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ സമയബന്ധിതമായി സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കും – മന്ത്രി പറഞ്ഞു.

തിരുവനന്തപുരം പുലയനാർകോട്ടയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആന്റ് കോഗ്‌നിറ്റീവ് ന്യൂറോസയൻസിൽ (ഐകോൺസ്) സമ്പൂർണ്ണ സൗരോർജ പ്ലാന്റിന്റേയും രജതജൂബിലി കവാടത്തിന്റേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ സമ്പൂർണമായി സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യ സ്ഥാപനമാണ് ഐകോൺസ്.

പ്രതിമാസം 1.5 ലക്ഷം രൂപയാണ് വൈദ്യുതി ഇനത്തിൽ ഐകോൺസിൽ ചെലവ് വരുന്നത്. സൗരോർജ്ജ പ്ലാന്റ് വഴി ദിവസം 125 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതോടെ വൈദ്യുതി ബില്ലിൽ വലിയ കുറവുണ്ടാകും. ഐകോൺസിന്റെ തന്നെ ഷൊർണൂരിൽ ഉള്ള സ്ഥാപനത്തിലും സൗരോർജ്ജ പ്ലാന്റ് കമ്മീഷൻ ചെയ്യുന്നതോടെ രണ്ട് സ്ഥാപനങ്ങളിലും കൂടി ഒരു വർഷം സർക്കാറിന് വൈദ്യുതി ബിൽ ഇനത്തിൽ 25 ലക്ഷം രൂപ ലാഭിക്കാൻ കഴിയുമെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. വാർഡ് കൗൺസിലർ എസ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഐകോൺസ് ഡയറക്ടർ ഡോ. സഞ്ജീവ് വി. തോമസ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *