ജി-20 പ്രതിനിധികൾക്ക് ‘സിയാൽ’ സ്വീകരണം നൽകി

ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ബിസിനസ്സ്‌ ജെറ്റ് ടെർമിനലിൽ സ്വീകരണം നൽകി. ലക്ഷദ്വീപ് ബംഗാരം ദ്വീപിൽ നടക്കുന്ന സയൻസ് മീറ്റിൽ പങ്കെടുക്കുന്നവർക്കാണ് സ്വീകരണം നൽകിയത്.

ജി-20 ഗ്രൂപ്പ് -3 വിഭാഗത്തിൽ ശാസ്ത്ര, അക്കാദമിക മേഖലകളിൽ വിദഗ്ധരായവരാണ് ഇവർ. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ ബിസിനസ്സ്‌ ജെറ്റ് ടെർമിനലിൽ വിവിധ കലാകാരന്മാർ അവതരിപ്പിച്ച കേരളത്തിലെ പരമ്പരാഗത സാംസ്കാരിക കലാരൂപങ്ങളോടെയാണ് പ്രതിനിധികളെ സിയാൽ വരവേറ്റത്.

ജി-20 മീറ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സിയാലിന് അഭിമാനമുണ്ടെന്ന് സിയാൽ മാനേജിംഗ് ഡയരക്ടർ എസ്.സുഹാസ് പറഞ്ഞു. അതിഥികൾക്ക് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ നൽകാനുള്ള സിയാലിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്തരം പരിപാടികൾ. ഉന്നത നിലവാരത്തിലുള്ള വിമാനത്താവള അനുഭവം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ യാത്രക്കാരുടെ അംഗീകാരത്തോടെ വിജയകരമായി തുടരുന്നുണ്ട്. യാത്രക്കാർ നൽകുന്ന ഈ പിന്തുണ മികച്ച സേവനങ്ങൾ നൽകുന്നതിന് ഞങ്ങളെ പ്രതിജ്ഞാബദ്ധരാക്കുന്നു – അദ്ദേഹം പറഞ്ഞു.

സിയാൽ ജെറ്റ് ടെർമിനലിലെ ആഡംബര ലോഞ്ചുകളിൽ വിശ്രമിച്ചതിന് ശേഷം അലയൻസ് എയറിന്റെ ചാർട്ടേഡ് ഫ്ലൈറ്റ് വഴി പ്രതിനിധികൾ സമ്മേളന വേദിയായ ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലേക്ക്‌ യാത്ര തിരിച്ചു. ബിസിനസ്സ് ജെറ്റ് പ്രവർത്തനങ്ങൾക്കായി പ്രത്യേക ടെർമിനലുകളുള്ള ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിലൊന്നാണ് സിയാൽ.

Leave a Reply

Your email address will not be published. Required fields are marked *