കുടമാറ്റത്തിൽ തെയ്യവും പുലിയും ആവേശത്തിരയിളക്കി മെസ്സിയും
പൂര പ്രേമികളെ ആവേശത്തിലാഴ്ത്തി പുലിക്കളിയും തെയ്യവും കാളി രൂപവും കുടമാറ്റത്തിൽ അവതരിച്ചപ്പോൾ തൃശ്ശൂർ പൂര നഗരി ആരവം മുഴക്കി. ലോകകപ്പ് ഉയർത്തി ആവേശഭരിതനായി നിൽക്കുന്ന ലയേണൽ മെസ്സി കൂടി കുടമാറ്റത്തിൽ ഉയർന്നപ്പോൾ എങ്ങും ഹർഷാരവം മുഴങ്ങി. വർണ്ണക്കുടകൾ മാറി മാറി ഉയരുന്നതിനിടയിൽ പാറമേക്കാവിൻ്റെ സ്പെഷൽ കുട ‘കരിങ്കാളി’യുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് കാണികളെ ആവേശം കൊള്ളിച്ചു.
പിന്നിട് പുലിക്കളിയിലെ പുലി രൂപവും രംഗത്തെത്തി. ശിവ രൂപമാണ് ആദ്യ സ്പെഷൽ കുടയായി തിരുവമ്പാടി ഉയർത്തിയത്. ശിവപാർവ്വതി രൂപം, സുബ്രഹ്മണ്യൻ, ദുർഗ്ഗാ രൂപം, രാമച്ചത്തിൽ തീർത്ത ഗണപതി, ഹനുമാൻ ശില്പം, എൽ.ഇ.ഡി കുടകൾ എന്നിവ ഒന്നിനു പിറകെ ഒന്നായി ഉയർന്നപ്പോൾ രാത്രി പൂരപ്പറമ്പ് ജനസാഗരമായി.
രാവിലെ മുതലുള്ള ജനങ്ങളുടെ ഒഴുക്ക് ഉച്ചയ്ക്ക് കത്തുന്ന വെയിലിലും തുടർന്നു. ഇലഞ്ഞിത്തറ മേളമാകുമ്പോഴേക്കും പുരപ്പറമ്പ് ജനങ്ങളെക്കൊണ്ട് നിറഞ്ഞു. മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ പാണ്ടിമേളത്തിന് തുടക്കമിട്ടപ്പോൾ കാണികളും താളം പിടിച്ചു തുടങ്ങി. കൈകൾ മുകളിലേക്ക് ഉയർത്തി വാദ്യക്കാരെക്കാൾ ആവേശത്തിൽ ജനം അവരെ പ്രോത്സാഹിപ്പിച്ചു. പിന്നീട് പാണ്ടിമേളത്തിൻ്റെ പെരുമഴയിൽ ജനം ആവേശം കൊണ്ടു. ഫോട്ടോ : രഞ്ജിത്ത് ഈയ്യച്ചെറുവാട്ട്