കൊച്ചി വാട്ടർ മെട്രോയിൽ ആദ്യദിനം തന്നെ 6559 യാത്രക്കാർ

കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്യാൻ ആളുകളുടെ തിരക്ക്. ആദ്യദിവസം 6559 യാത്രക്കാരാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. കൊച്ചിയുടെ ഗതാഗതമേഖലയിലും ടൂറിസം രംഗത്തും പുത്തനുണർവ്വാണ് ആദ്യദിനത്തിൽ തന്നെ വാട്ടർമെട്രോ കൊണ്ടുവന്നിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.

മികച്ച കണക്‌ടിവിറ്റിയാണ് വാട്ടർമെട്രോയുടെ പ്രത്യേകത. ചിത്രപ്പുഴ പാലത്തിനുതാഴെ ഇൻഫോപാർക്ക്‌ എക്‌സ്‌പ്രസ്‌വേക്കു സമീപം ചിറ്റേത്തുകരയിലാണ്‌ കാക്കനാട്‌ ടെർമിനൽ. വിശാലമായ പാർക്കിങ് സൗകര്യമുണ്ട്‌ ടെർമിനലിൽ. കെ.എസ്‌.ആർ.ടി.സിയുടെ ഫീഡർ സർവീസുകളുമുണ്ടാകും. കെ.എം.ആർ.എല്ലിന്റെ അഞ്ച്‌ വൈദ്യുതി ഓട്ടോകളും സൈക്കിളുകളും യാത്രക്കാർക്ക് ലഭ്യമാകും. തൃപ്പൂണിത്തുറ ഭാഗത്തുനിന്ന്‌ കാക്കനാട്ടേക്കും ആലുവ, അങ്കമാലി ഭാഗത്തേക്കും സീപോർട്ട്‌-എയർപോർട്ട്‌ വഴി മിനിറ്റുകളുടെ ഇടവേളയിൽ കെ.എസ്‌.ആർ.ടി.സി.യും സ്വകാര്യബസ്സുകളും സർവീസ്‌ നടത്തും.

ഹൈക്കോടതി ജെട്ടിയിൽനിന്ന്‌ വൈപ്പിനിലേക്ക്‌ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ 15 മിനിറ്റ്‌ ഇടവേളയിലാണ്‌ ആദ്യദിനം ബോട്ടുകൾ സർവീസ്‌ നടത്തിയത്‌. വാട്ടർമെട്രോയുടെ രണ്ടാമത്തെ സർവീസ്‌ വെള്ളിയാഴ്ച തുടങ്ങി. വൈറ്റില മൊബിലിറ്റി ഹബ്ബ്‌ പരിസരത്തെ ടെർമിനലിൽനിന്ന്‌ കാക്കനാട്‌ ചിറ്റേത്തുകരയിലേക്കാണ്‌ ഈ സർവീസ്‌. ഹൈക്കോടതി ടെർമിനലിൽനിന്ന്‌ വൈപ്പിനിലേക്കുള്ള ബോട്ട്‌ സർവീസിന് പുറമെയാണിത്.

കാക്കനാട്ടേക്കുള്ള 5.2 കിലോമീറ്ററിൽ രണ്ട്‌ ബോട്ടുകളാണ്‌ തുടക്കത്തിൽ ഓടുക. രാവിലെ എട്ടുമുതൽ പകൽ 11 വരെയും വൈകിട്ട്‌ നാലുമുതൽ രാത്രി ഏഴുവരെയുമാണ്‌ സർവീസ്‌. ആറ്‌ ട്രിപ്പുകളാണ്‌ ഉണ്ടാകുക. 23 മിനിട്ടാണ്‌ യാത്രാസമയം. കാക്കനാടിനും വൈറ്റിലയ്‌ക്കുമിടയിൽ വേറെ സ്‌റ്റോപ്പുകളില്ല. 30 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. കാക്കനാട്‌, വൈറ്റില ടെർമിനലുകളിൽനിന്ന്‌ ഒരേസമയം സർവീസ്‌ ആരംഭിച്ചാകും തുടക്കം.

ഇൻഫോപാർക്കുവരെ നീളുന്ന സർവീസിന്റെ ആദ്യഘട്ടമായാണ്‌ കാക്കനാട്ടേക്ക്‌ വാട്ടർ മെട്രോ എത്തുന്നത്‌. എരൂർ കപ്പട്ടിക്കാവ്‌ ക്ഷേത്രത്തിനടുത്തുള്ള ടെർമിനലും വൈകാതെ യാഥാർഥ്യമാകും. എരൂർ ഭാഗത്ത്‌ വാട്ടർ മെട്രോ ടെർമിനൽ നിർമാണം അന്തിമ ഘട്ടത്തിലാണ്‌.

Leave a Reply

Your email address will not be published. Required fields are marked *