ഓരോ വീടുകളിലും സംരംഭങ്ങള്‍ തുടങ്ങാനാകും- മന്ത്രി പി.രാജീവ്

സംരംഭക മേഖലയില്‍ ഇടപെടാന്‍ കഴിയുന്ന ഏറ്റവും ശക്തമായ സംവിധാനമാണ്  കുടുംബശ്രീയെന്ന്  മന്ത്രി പി.രാജീവ് പറഞ്ഞു. കുടുംബശ്രീ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി സൂക്ഷ്മസംരംഭ വികസനം ലക്ഷ്യമിട്ട് കളമശേരി സമ്ര ഇന്‍റര്‍നാഷണല്‍ കന്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച മൈക്രോ എന്‍റര്‍പ്രൈസ് കോണ്‍ക്ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറുകിട സംരംഭങ്ങള്‍ വളരാന്‍ അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഇവിടെ ഓരോ വീടുകളിലും ചെറിയ സംരംഭങ്ങള്‍ തുടങ്ങാനാകും. വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ വീട്ടമ്മമാര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി മാനവിഭവ ശേഷി വര്‍ധിപ്പിക്കാനും അവരെ സംരംഭ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താനും സാധിക്കണം -മന്ത്രി പറഞ്ഞു.
 
കുടുംബശ്രീ ഷീ സ്റ്റാര്‍ട്ട്സ്’ പദ്ധതിയുടെ ലോഗോ, വീഡിയോ എന്നിവയുടെ പ്രകാശനവും ഓരോ ജില്ലയില്‍ നിന്നമുള്ള മികച്ച സംരംഭകര്‍ക്കും മികച്ച പിന്തുണ നല്‍കിയ  സി.ഡി.എസ് പ്രവര്‍ത്തകര്‍ക്കുമുള്ള പുരസ്കാര വിതരണവും മന്ത്രി നിര്‍വഹിച്ചു. സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പദ്ധതി പുതുതായി തുടങ്ങുന്ന പത്തു ബ്ളോക്കുകളുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു.
 
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കളമശേരി നഗരസഭാ അധ്യക്ഷ സീമ കണ്ണന്‍, തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷയും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ  രമ സന്തോഷ്, കളമശേരി, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ സുജാത വേലായുധന്‍. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടി.എം.റെജീന എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *