ഗുരുവായൂർ അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 21ന്
മന്ത്രി.കെ.രാധാകൃഷ്ണൻ അഷ്ടപദി പുരസ്കാരം സമ്മാനിക്കും
ഗുരുവായൂർ ദേവസ്വത്തിൻ്റെ രണ്ടാമത് അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 21ന് നടക്കും. രാവിലെ ഏഴിന് ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ ദീപം തെളിയിക്കുന്നതോടെ സംഗീതോത്സവം ആരംഭിക്കും.
അറുപതിലേറെ അഷ്ടപദി ഗായകർ സംഗീതാർച്ചന നടത്തും. ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാര സമർപ്പണം രാത്രി ഏഴിന് സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിർവ്വഹിക്കും. അഷ്ടപദി കലാകാരൻ അമ്പലപ്പുഴ കൃഷ്ണൻകുട്ടി മാരാരാണ് പുരസ്കാര ജേതാവ്. പുരസ്കാര സമർപ്പണത്തിനു ശേഷം പുരസ്കാര ജേതാവായ കൃഷ്ണൻകുട്ടി മാരാരുടെ അഷ്ടപദി കച്ചേരിയുമുണ്ടാകും.