വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആയുധവും പരീശീലനവും നൽകും- മന്ത്രി
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മതിയായ ആയുധവും പരീശീലനവും നൽകുമെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. വനാതിർത്തികളിലെ വനസൗഹൃദ ജീവിതത്തിനായി സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് പീച്ചി കെ.എഫ്.ആർ.ഐ. ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാച്ചർമാർക്ക് മുടക്കമില്ലാതെ വേതനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.
എൻ.ഒ.സി ലഭിക്കുന്നതി ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും. വനവുമായി ബന്ധപ്പെട്ട പല ആവശ്യങ്ങള്‍ക്കും പരിവേഷ് പോര്‍ട്ടല്‍ വഴി അപേക്ഷ ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിവേഷ് പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന് പരിശീലനം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പട്ടയം ലഭ്യമായതിനു ശേഷം ആ ഭൂമിയിലെ മരങ്ങളുടെ അവകാശം ഉടമയ്ക്കാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വനമേഖയിൽ താമസിക്കുന്നവരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ചടങ്ങിൽ മുഖ്യതിഥിയായ പട്ടികജാതി പട്ടിക വർഗ്ഗ, പിന്നോക്ക ക്ഷേമ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ചരിത്രത്തിലാദ്യമായി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ ആദിവാസി വിഭാഗത്തിൽ നിന്നും നിയമിച്ചത് വലിയ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പീച്ചിയിൽ നടന്ന വന സൗഹൃദ സദസ്സില്‍ 50 പരാതികൾ ലഭിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, ഫോറസ്റ്റ് സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ കെ. ആർ. അനൂപ്,അഡീഷ്ണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രമോദ് ജി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.