ആദ്യ സൗരോർജ ടൂറിസ്റ്റ് ബോട്ട്‌ ‘സൂര്യാംശു’ യാത്രാ സജ്ജമായി

കേരളത്തിലെ ആദ്യ സൗരോർജ ടൂറിസ്റ്റ് ബോട്ട്‌ ‘സൂര്യാംശു’ യാത്രാ സജ്ജമായി. 3.95 കോടി രൂപ ചിലവ് വരുന്ന ബോട്ടില്‍ ഒരേസമയം 100 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ശീതീകരിച്ച കോൺഫറൻസ് ഹാളും ഡി.ജെ പാർട്ടി ഫ്ലോറും കഫെറ്റീരിയയുമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഡബിൾ ഡക്കർ യാനത്തിൽ ഒരുക്കിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് കുതിപ്പ് നൽകുന്ന പദ്ധതിയായിരിക്കും ഇതെന്ന് മന്ത്രി പി.രാജീവ് ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു. കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് പുറത്തിറക്കിയിരിക്കുന്ന യാനത്തിന് ജലത്തിലൂടെ വേഗത്തിലുള്ള ചലനം സാധ്യമാക്കാന്‍ ഇരട്ട ‘ഹള്‍’ ഉള്ള ആധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഹൈക്കോടതി ജങ്ഷനിലെ കെ.എസ്.ഐ.എന്‍.സി. ക്രൂസ് ടെര്‍മിനലില്‍നിന്ന് കടമക്കുടി വിനോദസഞ്ചാര കേന്ദ്രത്തിലേക്കും അവിടെ നിന്ന് തിരിച്ച് മറൈന്‍ ഡ്രൈവിലേയ്ക്കും പോകുന്ന വിധത്തിൽ ആറ് മണിക്കൂർ നീളുന്നതാണ് ഒരു പാക്കേജ്. മറ്റൊരു പാക്കേജ് എഴ് മണിക്കൂർ ദൈർഘ്യമുള്ളതും മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിച്ച് ഞാറക്കല്‍ വഴി തിരിച്ച് ഹൈക്കോടതി ജങ്ഷനിലെ കെ.എസ്.ഐ.എന്‍.സി. ക്രൂസ് ടെര്‍മിനൽ വരെയുള്ളതുമായ യാത്രയാണ്.

Leave a Reply

Your email address will not be published. Required fields are marked *