കൗതുകമുണര്‍ത്തുന്ന സിമന്റ് ശില്പങ്ങളിലെ മണിക്കുട്ടൻ ടച്ച്

ജീവൻ തുടിക്കുന്ന ശില്പങ്ങൾ ഉണ്ടാക്കുന്ന മണിക്കുട്ടന്റെ കരവിരുതിന് അഭിനന്ദനങ്ങൾ ഏറെ കിട്ടിയിട്ടുണ്ട്. ശില്പങ്ങളെല്ലാം അധികം പണച്ചെലവില്ലാതെ സിമന്റിൽ തീർത്തവയാണെന്നത് മറ്റൊരു കൗതുകം.

മണിക്കുട്ടൻ കാവാലത്തെ വീട്ടിൽ ബുദ്ധന്റെ ശില്പ നിർമ്മാണത്തിൽ
ചിത്രരചനയിൽ നിന്ന് ശില്പകലയിലേക്കെത്തിയ ആലപ്പുഴ കാവാലം സ്വദേശിയായ എം.മണിക്കുട്ടൻ ചെയ്ത ശില്പങ്ങൾ ഉത്തരേന്ത്യയിലെ പല സ്ഥാപനങ്ങളേയും അലങ്കരിക്കുന്നു. നാഗപ്പൂർ കലാഗ്രാമത്തിന്റെ മൂന്നു നില കെട്ടിടത്തിൽ ചെയ്ത കൊത്തുപണികളും  ശില്പങ്ങളും മണിക്കുട്ടൻ എന്ന ശില്പിയുടെ കരവിരുത് വിളിച്ചോതുന്നതാണ്.
പഞ്ചാബിലെ ജലന്ധർ, ഡെറാഡൂൺ, നാഗപ്പൂർ എന്നിവിടങ്ങളിൽ പള്ളികളുടെ അൾത്താരയിലും മ്യൂസിയങ്ങളിലും കാലങ്ങളോളം പ്രയത്നിച്ചാണ് ശില്പങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് മ്യൂസിയത്തിലും കണ്ണൂർ പട്ടുവത്തെ കോൺവെന്റിലും  കൊത്തുപണികളും ശില്പ ങ്ങളും തീർത്തിട്ടുണ്ട്. കാവാലം രാമച്ചംപറമ്പിൽ മണിക്കുട്ടന് ശില്പകല പരമ്പരാഗതമായി കിട്ടിയതാണ്.അച്ഛൻ  മണിയൻ ആചാരി ചുണ്ടൻ വള്ളമുണ്ടാക്കുന്നതിൽ വിദഗ്ധനായിരുന്നു. ജ്യേഷ്ഠൻ രമേശന്‍ മരത്തിൽ ചുണ്ടൻ വള്ളമടക്കമുള്ള മിനിയേച്ചർ രൂപങ്ങൾ നിർമ്മിക്കാറുണ്ട്. ആലപ്പുഴ എസ്.എസ്.സ്ക്കൂൾ ഓഫ് ആർട്സിൽ നിന്ന് കെ.ജി.ടി.ഇ ഡ്രോയിങ്ങ് ആന്റ് പെയിന്റിങ്ങ് ഡിപ്ലോമ കഴിഞ്ഞ് മണിക്കുട്ടൻ രണ്ട് വർഷം ഒരു സ്റ്റുഡിയോയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് തിരുവനന്തപുരത്ത് ബെൽജിയം കമ്പനിയായ ബെൽ ആർട്സിൽ പതിനഞ്ച് വർഷം രേഖാചിത്രകാരനായി.
ഇവിടെ നിന്നാണ് മ്യൂസിയങ്ങൾ ഒരുക്കുന്ന പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. പള്ളികളിലും മറ്റും മ്യൂസിയങ്ങളിൽ ശില്പങ്ങളും കൊത്തുപണികളും ചെയ്ത് പെയിന്റ് ചെയ്യും. മംഗലാപുരത്ത്
ഉറുസുലിൻ കോൺ വെന്റിനോട് ചേർന്ന് മിഷനറിമാർ വളളത്തിൽ വരുന്ന കൂറ്റൻ ശില്പം ഉണ്ടാക്കിയിട്ടുണ്ട്.
ചങ്ങനാശ്ശേരിയിലെ ഒരു വീട്ടിൽ ബാസ്ക്കറ്റിന്റെ രൂപത്തിലുണ്ടാക്കിയ കിണറിന്റെ ആൾമറ
ഉഴവൂർ സെന്റ് ജോനാസ് യു.പി.സ്ക്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ചുവരിൽ ഇരുപത് അടി ഉയരത്തിലുള്ള ശില്പം തീർത്തു. ചങ്ങനാശ്ശേരിയിലെ ഒരു വീട്ടിനകത്ത് അഞ്ചടി വ്യാസമുള്ള  പഴയ കിണറിന്റെ അൾമറ ഒരു ചൂരൽ ബാസ്ക്കറ്റിന്റെ രൂപത്തിൽ ഡിസൈൻ ചെയ്തത് ആരെയും ആകർഷിക്കുന്ന കരവിരുതാണ്. പഴയ വീട് പൊളിച്ച് വലുതായി പണിതപ്പോൾ കിണർ മൂടാതെ അകത്ത് സംരക്ഷിച്ച് നിർത്തുകയായിരുന്നു.
നാഗപ്പൂർ കലാഗ്രാമത്തിന്റെ കെട്ടിടത്തിൽ ചെയ്ത കൊത്തുപണി
നാഗപ്പൂരിൽ ചിത്രകാരനായ ഫാ. റോയിയുടെ നേതൃത്വത്തിലുള്ള കലാഗ്രാമത്തിനു വേണ്ടിയാണ് ഇപ്പോൾ അഞ്ചു വർഷമായി പ്രവർത്തിക്കുന്നത്. കർണ്ണാടകയിൽ ഒരു മ്യൂസിയത്തിന്റെ പണി തുടങ്ങാൻ നേരത്താണ് ലോക് ഡൗൺ വന്നത്. ലോക് ഡൗണായി വീട്ടിൽ ഒതുങ്ങിയപ്പോൾ ബുദ്ധന്റെ ശില്പം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് മണിക്കുട്ടൻ. സിന്ധുവാണ് ഭാര്യ. വിദ്യാർത്ഥികളായ സാന്ദ്ര, രാഹുൽ എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *