എൻ്റെ കേരളം സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത്
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ശനിയാഴ്ച്ച ഏപ്രില്‍ ഒന്നിന് എറണാകുളത്ത് തുടക്കമാകും. വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം 2023 മെഗാ പ്രദര്‍ശന-വിപണന-കലാമേളകളുടെയും സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈന്‍ഡ്രൈവ് മൈതാനിയില്‍ വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏപ്രില്‍ ഒന്ന് മുതല്‍ എട്ട് വരെയാണ്. 63680 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ ഒരുങ്ങുന്ന മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 36 തീം സ്റ്റാളുകള്‍ ഉള്‍പ്പെടെ 170 സ്റ്റാളുകളുണ്ട്. സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ വ്യവസായ വകുപ്പിന് കീഴിലെ എം.എസ്.എം.ഇ യൂണിറ്റുകള്‍, കുടുംബശ്രീ, സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.
വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് ക്ലിനിക്കുകള്‍, ടെക്നോളജി പ്രദര്‍ശനം, ചര്‍ച്ചാവേദി, ഭക്ഷ്യമേള എന്നിവയോടെയാണ് മെഗാ എക്സിബിഷന്‍ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് പ്രമുഖ കലാസംഘങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും. പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവിലിയനുകള്‍ മേളയുടെ ആകര്‍ഷണമാകും. ഏപ്രില്‍ ഏഴ് ഒഴികെ എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും ബോധവത്കരണ പരിപാടികളും നടക്കും.
ഉദ്ഘാടന ദിവസമായ ഏപ്രില്‍ ഒന്നിന് സ്റ്റീഫന്‍ ദേവസിയുടെ ബാന്‍ഡ് അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകിട്ട് ഏഴു മുതല്‍ ജാസി ഗിഫ്റ്റ് മ്യൂസിക് നെറ്റ്, ദുര്‍ഗ വിശ്വനാഥ് – വിപിന്‍ സേവ്യര്‍ ഗാനമേള, താമരശ്ശേരി ചുരം ബാന്‍ഡ്, അലോഷിയുടെ ഗസല്‍ രാത്രി, ആട്ടം ചെമ്മീന്‍ ബാന്‍ഡ് എന്നിവ അരങ്ങേറും. ഏപ്രില്‍ എട്ടിന് വൈകിട്ട് ഏഴിന് നടക്കുന്ന ഗിന്നസ് പക്രു സൂപ്പര്‍ മെഗാഷോയോടെ മേള സമാപിക്കും.