പുതിയ അന്താരാഷ്ട്ര മാധ്യമക്രമം വേണം – മുഖ്യമന്ത്രി
ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വികസ്വര രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പുത്തന്‍ അന്താരാഷ്ട്ര മാധ്യമക്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ 175-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും ന്യൂസ് ലോണ്‍ഡ്രി, ന്യൂസ് മിനുട്ട്, കോണ്‍ഫ്‌ളൂവന്‍സ് മീഡിയ എന്നീ മാധ്യമസ്ഥാപനങ്ങളും കേരള പത്രപ്രവര്‍ത്തക യൂണിയനും സഹകരിച്ച് സംഘടിപ്പിക്കുന്ന ആഗോള മാധ്യമോത്സവമായ ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മലയാള മാധ്യമപ്രവര്‍ത്തനം ആരംഭിച്ചിട്ട് 175 വര്‍ഷമാകുന്നത് ഓര്‍മ്മിപ്പിക്കും വിധം 175 ദിവസം നീണ്ടുനില്‍ക്കുന്ന മാധ്യമോത്സവം നടക്കുന്നത് അങ്ങേയറ്റം ഔചിത്യ പൂര്‍ണ്ണമായ കാര്യമാണ്. ഗ്ലോബല്‍ സൗത്ത് എന്ന പേരില്‍ തന്നെ തമസ്‌കരിക്കപ്പെടുന്ന വികസ്വര രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ആഘോഷത്തിന്റെ സന്ദേശമുണ്ട്. സാമ്രാജ്യത്വത്തിനും മൂലധനാധിഷ്ഠിതമായ മാധ്യമാധിപത്യത്തിനും എതിരായ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയ സ്വരൂപം ആ ശീര്‍ഷകത്തിലുണ്ട്. മാധ്യമപ്രവര്‍ത്തനം സാമ്രാജ്യത്വ കേന്ദ്രീകൃതമാകുന്ന അവസ്ഥയാണ് ഇന്നുള്ളത്.
ഈ ഘട്ടത്തില്‍ ബലി കഴിക്കപ്പെടുന്നത് വികസ്വര രാജ്യങ്ങളുടെ താല്പര്യമാണ്. ആ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിന് പുത്തന്‍ അന്താരാഷ്ട്ര വാര്‍ത്താക്രമം (ഇന്റര്‍നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ ഓര്‍ഡര്‍) ഉണ്ടാകണം. അത്തരമൊരു മാധ്യമ സംസ്‌കാരം രൂപപ്പെട്ടു വന്നാല്‍ മാത്രമേ വികസ്വര രാജ്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്പര്യങ്ങള്‍ പരിരക്ഷിക്കാനാവുകയുള്ളൂ. ഇവിടെയാണ് ഈ സമ്മേളനത്തിന്റെ പ്രാധാന്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന്റെ ശക്തമായ പാരമ്പര്യമുള്ള നാടാണ് കേരളം. അച്ചടി, ടെലിവിഷന്‍, ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നമുക്കിന്ന് വൈവിദ്ധ്യമുള്ള മാധ്യമ പരിസരമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏതെങ്കിലും രാജ്യത്തോ ഭൂഖണ്ഡങ്ങളിലോ മാത്രം ഒതുങ്ങുന്നവരല്ല മാധ്യമ പ്രവര്‍ത്തകര്‍. അതൊരു ആഗോള പ്രതിഭാസമാണ്. മാധ്യമപ്രവര്‍ത്തന മേഖല ചരിത്രപരമായ വെല്ലുവിളികളെയാണ് നേരിടുന്നത്. ഈ വെല്ലുവിളികളെ നേരിടുന്നതിനോടൊപ്പം തന്നെ സ്വയം വിമര്‍ശനപരമായി കാര്യങ്ങളെ കാണുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള മീഡിയ അക്കാദമിയുടെ മീഡിയ മാഗസില്‍ നല്‍കുന്ന 2022ലെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്ലോവാക്യന്‍ ജേണലിസ്റ്റ് പാവ്‌ല ഹോള്‍സോവയ്ക്കും അക്കാദമിയുടെ 2021-22 ലെ ഗ്ലോബല്‍ ഫോട്ടോഗ്രഫി അവാര്‍ഡ് പ്രമുഖ ഇന്ത്യന്‍ ഫോട്ടോഗ്രഫര്‍ രഘുറായിക്കും അക്കാദമിയുടെ 2022ലെ ആഗോള മാധ്യമ പുസ്തക പുരസ്‌കാരം ജോസി ജോസഫിനും മന്ത്രി പി. രാജീവ് സമ്മാനിച്ചു. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് ഫൗണ്ടേഷന്‍ സി.ഇ.ഒ യും ടി.വി ജേണലിസ്റ്റുമായജെയ്‌മെ അബെല്ലോ ബാന്‍സി (കൊളംമ്പിയ) യും ചടങ്ങില്‍ പങ്കെടുത്തു.
ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ തോമസ്, അക്കാദമി മുന്‍ ചെയര്‍മാന്‍ തോമസ് ജേക്കബ്, അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ബേബി മാത്യു സോമതീരം, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബു എന്നിവര്‍ സംസാരിച്ചു. അക്കാദമി സെക്രട്ടറി കെ.ജി സന്തോഷ് സ്വാഗതവും ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റര്‍ ധന്യ രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു