സ്ത്രീ ശാക്തീകരണത്തിൽ കേരളം മുന്നിൽ – രാഷ്ട്രപതി
കേരളത്തിൽ സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്നും മാനവ വികസന സൂചികകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തിൽ ഇതു പ്രതിഫലിക്കുന്നുണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.
കുടുംബശ്രീയുടെ 25-ാം വാർഷികത്തിന്റെ ഭാഗമായി സി.ഡി.എസ്. അംഗങ്ങളായ അഞ്ചു ലക്ഷം വനിതകൾ ചേർന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന ‘രചന’യുടെ ഉദ്ഘാടനം, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള ‘ഉന്നതി’ പദ്ധതിയുടെ ഉദ്ഘാടനം, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ പ്രകാശനം എന്നിവ ചടങ്ങിൽ രാഷ്ട്രപതി നിർവഹിച്ചു.
അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണ നിരക്ക് തടയുന്നതിലും രാജ്യത്തെ ഏറ്റവും മികച്ച പ്രകടനമാണു കേരളം കാഴ്ചവയ്ക്കുന്നത്. കേരളത്തിൽ, സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണ്. ഇത് നിരവധി മാനവ വികസന സൂചികകളിലെ മികച്ച പ്രകടനത്തിൽ പ്രതിഫലിക്കുന്നു.
പ്രകൃതി ചികിത്സയുടേയും ആയുർവേദത്തിന്റെയും കേന്ദ്രമാണിവിടം. പ്രതിഭാശാലികളും കഠിനാധ്വാനികളുമായ കേരളിയരുടെ ആത്മാർഥത, വൈദഗ്ധ്യം, സംരംഭകത്വം എന്നിവ ആഗോളതലത്തിൽ ആദരിക്കപ്പെട്ടിട്ടുണ്ട്. മലയാളി പ്രവാസികളിലൂടെ ഇന്ത്യയുടെ മഹത്വം പ്രചരിപ്പിക്കുന്നവരാണു കേരളത്തിലെ ജനങ്ങൾ -രാഷ്ട്രപതി പറഞ്ഞു.
കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ ശൃംഖലകളിലൊന്നായി ‘കുടുംബശ്രീ’ മാറിയിരിക്കുന്നു. കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരുടെ വികസനത്തിനായി ആരംഭിച്ച ‘ഉന്നതി’ പദ്ധതി പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട യുവാക്കൾക്കിടയിൽ തൊഴിലിനും സ്വയംതൊഴിലിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതാണ്. ഭവനനിർമാണം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളിൽ സഹായകരമായ സംരംഭങ്ങളിലൂടെ, സംസ്ഥാനം പട്ടികജാതി – പട്ടികവർഗക്കാരുടെ ക്ഷേമത്തിന് ഉയർന്ന മുൻഗണന നൽകുന്നു എന്നതിൽ സന്തോഷമുണ്ട്.
ഉന്നതി പദ്ധതിയുടെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് രാഷ്ട്രപതി ദ്രൗപതി മുർമു തിരുവനന്തപുരം ജില്ലയിൽനിന്നുള്ള കുട്ടിമാത്തൻ കാണിക്കു നൽകി. സംസ്ഥാന സർക്കാരിന്റെ ഉപഹാരം ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്കു സമ്മാനിച്ചു. കുടുംബശ്രീയുടെ ഉപഹാരമായി വയനാട് ബഡ്സ് സ്‌കൂളിലെ മാസ്റ്റർ അജു വരച്ച ചിത്രം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷും തിരുവനന്തപുരം കോർപ്പറേഷന്റെ ഉപഹാരം മേയർ ആര്യ രാജേന്ദ്രനും സമ്മാനിച്ചു.
മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ ആദ്യ പ്രതി എ.ഐ.സി.ടി.ഇ. ചെയർമാൻ ഡോ. ടി.ജി. സീതാറാം രാഷ്ട്രപതിക്കു സമ്മാനിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, പട്ടികജാതി, പട്ടിവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വി.കെ. പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.