കേരളത്തിലെത്തിയ രാഷ്ട്രപതിക്ക് ഊഷ്മള സ്വീകരണം
കേരളത്തില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഊഷ്മള സ്വീകരണം. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.45 നാണ് രാഷ്ട്രപതി എത്തിയത്. രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, ചീഫ് സെക്രട്ടറി വി.പി. ജോയ്, ഡി.ജി.പി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി.തിയോഫിലസ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ എസ്.പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യവിമാന വാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് സന്ദര്‍ശിച്ചു. തുടര്‍ന്ന് നാവിക സേനയുടെ പരിശീലനകേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യയിലെ പരിപാടിയിലും പങ്കെടുത്തു. വൈകിട്ട് കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രയാകും.
രാത്രി 7.20ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹോട്ടൽ ഹയാത്ത് റീജൻസിയിൽ താമസിക്കും. 17ന് രാവിലെ കൊല്ലം മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. തിരികെ തിരുവനന്തപുരത്ത് എത്തി കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പൗരസ്വീകരണത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും.
മാർച്ച് 18ന് രാവിലെ കന്യാകുമാരി സന്ദർശിക്കുന്ന രാഷ്ട്രപതി തിരികെയെത്തിയ ശേഷം ഉച്ചയ്ക്ക് ലക്ഷദ്വീപിലേയ്ക്ക് പോകും. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് മടങ്ങും.