ഭക്തർക്ക്  അനുഗ്രഹം ചൊരിഞ്ഞ് വയനാട്ടുകുലവൻ

പൊയ്ക്കണ്ണുവെച്ച് അമ്പും വില്ലും  കൈയിലേന്തി മുളച്ചൂട്ടുമായി എത്തിയ വയനാട്ടുകുലവൻ ഭക്തർക്ക് അനുഗ്രഹം നൽകി. വയനാട്ടുകുലവൻ്റെ പുറപ്പാടും മുളച്ചൂട്ടുമായി മറക്കളം വലം വെച്ച്
 
 
നടത്തിയ ചൂട്ടൊപ്പിക്കൽ ചടങ്ങും കാണാൻ ഭക്തജന തിരക്കായിരുന്നു. കാഞ്ഞങ്ങാട് തെക്കേ വെള്ളിക്കോത്ത് വയനാട്ടുകുലവൻ ദേവസ്ഥാന ഉത്സവത്തോടനുബന്ധിച്ച് വയനാട്ടുകുലവനടക്കം അഞ്ച് തെയ്യങ്ങളാണ് ഞായറാഴ്ച കെട്ടിയാടിയത്. രാവിലെ മുതൽ തന്നെ
 
 
കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആളുകൾ വെള്ളിക്കോത്ത് ദേവസ്ഥാനത്തേക്ക്‌ പ്രവഹിച്ചു. വൈകുന്നേരം വയനാട്ടുകുലവൻ്റെ പുറപ്പാട് തുടങ്ങിയപ്പോഴേക്കും ക്ഷേത്രപരിസരത്തും  തെയ്യം അരങ്ങേറുന്ന മറക്കളത്തിനു ചുറ്റും
 
 
ജനങ്ങൾ തിങ്ങി നിറഞ്ഞു.രാത്രി വയനാട്ടുകുലവനും വിഷ്ണു മൂർത്തിയും വാദ്യമേളത്തിൻ്റെ അകമ്പടിയോടെ വെള്ളിക്കുന്നത്ത് ഭഗവതി കാവിലേക്ക് എഴുന്നള്ളുന്ന ചടങ്ങും നടന്നു. തുടർന്ന് തെയ്യം ചെറക്കര തറവാട്ടിലും ചെട്ടി വളപ്പ് വീട്ടിലുമെത്തി. രാത്രി മറപിളർക്കലും
 
 
കൈവീതും നടന്നു. ഞായറാഴ്ച രാവിലെ കാർന്നോൻ, കോരച്ചൻ കണ്ടനാർകേളൻ എന്നീ തെയ്യങ്ങളും ഉണ്ടായി.22 വർഷങ്ങൾക്ക് ശേഷമാണ് ദേവസ്ഥാനത്ത് വയനാട്ടുകുലവൻ ഉത്സവം നടക്കുന്നത്‌. ഉത്സവത്തിന് എല്ലാ ദിവസങ്ങളിലും അന്നദാനവുമുണ്ടായി.
 
 
തറവാട്ട് കാരണവർ ടി.രാമകൃഷ്ണൻ, വേണു രാജ് നമ്പ്യാർ കോടോത്ത് (ചെയർമാൻ) ടി.പി.കുഞ്ഞിക്കണ്ണൻ (ജന. കൺവീനർ) കെ.ഗോപി (ട്രഷ) എന്നിവരടങ്ങിയ ആഘോഷ കമ്മിറ്റിയാണ് ഉത്സവത്തിന് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *